എറണാകുളത്ത് ഒരാള്‍ക്കു കൂടി കൊവിഡ് ;11,878 പേര്‍ നിരീക്ഷണത്തില്‍
ഷാര്‍ജയില്‍ നിന്നും മാര്‍ച്ച് 22 ന് തിരികെയെത്തിയ എറണാകുളം സ്വദേശിയായ 23 കാരനാണ് രോഗം സ്ഥിരീകരിച്ചത്.കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു.കുടുംബാംഗങ്ങളായ 6 പേരോടും, എയര്‍പോര്‍ട്ടില്‍ നിന്നും സഞ്ചരിച്ച ടാക്‌സി ഡ്രൈവറോടും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചു
കൊച്ചി: എറണാകുളത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഷാര്‍ജയില്‍ നിന്നും മാര്‍ച്ച് 22 ന് തിരികെയെത്തിയ എറണാകുളം സ്വദേശിയായ 23 കാരനാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയവേ ചെറിയ പനിയും ചുമയും അനുഭവപ്പെടുകയും, വിമാനത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൂടിയായ പത്തനംതിട്ട സ്വദേശിക്ക് ഏപ്രില്‍ 1 ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ തുടര്‍ചികില്‍സ തേടുവാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 2 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ആണ് ഇദ്ദേഹം.വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. കുടുംബാംഗങ്ങളായ 6 പേരോടും, എയര്‍പോര്‍ട്ടില്‍ നിന്നും സഞ്ചരിച്ച ടാക്‌സി ഡ്രൈവറോടും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 11878 ആണ്.ഇന്ന് പുതിയതായി 175 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 430 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ വീടുകളില്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 11,842 ആയി.ഇന്ന് 4 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഇന്ന് 4 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ ണ്ണം 36 ആയി.ഇതില്‍ 24 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 2 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 7 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്. 38 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.
ഇന്ന് 29 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 94 പേരുടെ സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.ജില്ലയിലെ 2 കോവിഡ് കെയര്‍ സെന്ററുകളിലായി 25 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് ഇന്ന് 4 ക്യാംപുകള്‍ സന്ദര്‍ശിച്ച് 270 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടത്തിയില്ല. ഇന്ന് 278 ഫോണ്‍ വിളികളാണ് കണ്‍ട്രോള്‍ റൂമിലെത്തിയത്. നിലവിലെ മാര്‍ഗനിര്‍ദേശമനുസരിച്ച് വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ഞങ്ങള്‍ പ്രതിരോധ മരുന്നു കഴിച്ചു, ഇനിയും പുറത്തിറങ്ങി നടക്കാമോ എന്ന് ചാദിച്ചുകൊണ്ടുള്ള കുറച്ച് വിളികള്‍ എത്തി. കൊറോണക്കെതിരെ പ്രതിരോധമരുന്ന് ഇതുവരെ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ എല്ലാവരും തന്നെ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.