ഓപറേഷന്‍ സമുദ്രസേതു: മാലിയില്‍ നിന്നും 698 ഇന്ത്യക്കാരെയുമായി ഐഎന്‍എസ് ജലാശ്വ നാളെ രാവിലെ തീരമണയും; ഒരുക്കങ്ങളുമായി കൊച്ചി തുറമുഖം

698 യാത്രക്കാരുമായി മാലിയില്‍ നിന്നും വെള്ളിയാഴ്ച രാത്രിയില്‍ പുറപ്പെട്ട നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വ നാളെ രാവിലെ കൊച്ചി തുറമുഖത്ത് എത്തും.രാവിലെ 9.30 നും 10 നുമിടയിലായി കപ്പല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാവിക സേന

Update: 2020-05-09 11:52 GMT

കൊച്ചി:കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി മാലിയില്‍ നിന്നുള്ള ഇന്ത്യക്കാരെ കപ്പല്‍ മാര്‍ഗം നാളെ കൊച്ചിയില്‍ എത്തിക്കും.കപ്പല്‍,വിമാന മാര്‍ഗങ്ങള്‍ വഴിയാണ് പ്രവാസി ഇന്ത്യാക്കാരെ വിവിധ രാജ്യങ്ങളില്‍ നിന്നും മടക്കിക്കൊണ്ടുവരുന്നത്. മാലിദ്വീപില്‍ നിന്നുള്ളവരെയാണ് ഓപ്പറേഷന്‍ സമുദ്ര സേതു എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി കപ്പലില്‍ കൊണ്ടുവരുന്നത്.698 യാത്രക്കാരുമായി മാലിയില്‍ നിന്നും വെള്ളിയാഴ്ച രാത്രിയില്‍ പുറപ്പെട്ട നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വ നാളെ രാവിലെ കൊച്ചി തുറമുഖത്ത് എത്തും.

രാവിലെ 9.30 നും 10 നുമിടയിലായി കപ്പല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി.698 പേരില്‍ 595 പേര്‍ പുരുഷന്മാരും 103 സ്ത്രീകളും ആണ്. ഇവരെക്കൂടാതെ 10 വയസില്‍ താഴെയുള്ള 14 കുട്ടികളും 19 ഗര്‍ഭിണികളുമുണ്ട്.കപ്പലിലെത്തുന്നവരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ആരോഗ്യ വകുപ്പ്. സ്വീകരണം കുറ്റമറ്റതാക്കാന്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി മോക്ക് ഡ്രില്ലുകള്‍നടത്തിക്കഴിഞ്ഞു. യാത്രയുടെ ഓരോ ഘട്ടത്തിലും നിരീക്ഷണ സംവിധാനം ഇടപെടുന്നത് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദമാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്.

മൂന്നു ക്ലസ്റ്ററുകളായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര ആരംഭിക്കുന്നതെങ്കിലും യാത്രക്കിടയില്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകളെ കപ്പല്‍ തുറമുഖത്തെത്തുമ്പോള്‍ തന്നെ ഐസോലേഷന്‍ ഏരിയയിലേക്ക് മാറ്റും. സുരക്ഷ വസ്ത്രങ്ങള്‍ ധരിച്ച പോലിസുകാരുടെ സഹായത്തോടു കൂടി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കുമായിരിക്കും ഇവരെ പരിശോധനക്കും തുടര്‍ന്നുള്ള നിരീക്ഷണത്തിനുമായി എത്തിക്കുന്നത്. കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ള യാത്രക്കാരുടെ ആരോഗ്യ കാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ്ആശുപത്രിക്കാണ്. ഇവരെ നിരീക്ഷിക്കാനും വിദഗ്ദ ചികില്‍സ ആവശ്യമുണ്ടെങ്കില്‍ അതുറപ്പാക്കാനും ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ഉറപ്പാക്കും.

പ്രാഥമിക ചികില്‍സക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുകയാണെങ്കില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദഗ്ദ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനായി മറ്റ് ആശുപത്രികളിലേക്ക് മാറ്റും.യാതൊരു തരത്തിലുമുള്ള രോഗലക്ഷണമില്ലാത്തവര്‍ക്ക് സാധാരണ തരത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കി അതാത് ജില്ലകളിലെ നിരീക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദേശത്തു നിന്നെത്തുന്ന ആളുകളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ കൂടി ഉറപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍. യാത്രക്കാരുമായി ഇടപഴകുന്ന എല്ലാവര്‍ക്കും പിപിഇ കിറ്റുകള്‍ ഉള്‍പ്പടെ ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ഇമിഗ്രേഷന്‍ നടപടികള്‍ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. 

Tags:    

Similar News