സ്പ്രിങ്ഗ്ലറുമായുള്ള സര്‍ക്കാരിന്റെ കരാര്‍ റദ്ദാക്കണമെന്ന്; രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി നല്‍കി

യാതൊരുവിധ അധികാരവുമില്ലാതെയാണ് ഐടി സെക്രട്ടറി യുഎസ് കമ്പനിയായ സ്പ്രിങ്ഗ്ലറുമായി കരാറിലേര്‍പ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി, കേന്ദ്ര സര്‍ക്കാര്‍, സ്പ്രിങ്ഗ്ലര്‍ കമ്പനി, ഐടി സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ഡേറ്റാ അപ് ലോഡ് ചെയ്യുന്നതു തടയണമെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെട്ടു

Update: 2020-04-22 13:55 GMT

കൊച്ചി: സ്പ്രിങ്ഗ്ലറുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. യാതൊരുവിധ അധികാരവുമില്ലാതെയാണ് ഐടി സെക്രട്ടറി യുഎസ് കമ്പനിയായ സ്പ്രിങ്ഗ്ലറുമായി കരാറിലേര്‍പ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി, കേന്ദ്ര സര്‍ക്കാര്‍, സ്പ്രിങ്ഗ്ലര്‍ കമ്പനി, ഐടി സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്.

സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ഡേറ്റാ അപ് ലോഡ് ചെയ്യുന്നതു തടയണമെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിളിച്ചു വരുത്തി പരിശോധിക്കണമെന്നും ഹരജിയില്‍ പറയുന്നു. നിയമ സാധുതയില്ലാതെയും അനുമതിയുമില്ലാതെ ഡേറ്റ ശേഖരിക്കപ്പെട്ട വ്യക്തികള്‍ക്ക് നഷ്ടപരിഹാരം ന്ല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ഐടി സെക്രട്ടറി, മുഖ്യമന്ത്രി എന്നിവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.

കൊവിഡ് 19 രോഗികളുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും ഡേറ്റാ അപ് ലോഡ് ചെയ്യുന്ന നടപടി ഹരജി തീര്‍പ്പാക്കുന്നതുവരെ തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി 24 നു കോടതി പരിഗണിക്കും.അഭിഭാഷകരായ ടി ആസഫലി, സി റഷീദ്, വി എസ് ചന്ദ്രശേഖരന്‍, വൈ ലാലിസ എന്നിവര്‍ മുഖേനയാണ് രമേശ് ചെന്നിത്തല ഹരജി സമര്‍പ്പിച്ചത്. 

Tags:    

Similar News