ആരോഗ്യപ്രവർത്തകരിലെ കൊവിഡ് ബാധ; സംസ്ഥാനത്ത് ആശങ്കയേറുന്നു
സംസ്ഥാനത്ത് ഇതുവരെ 444 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് പിടിപെട്ടത്. ഡോക്ടർമാർക്കുൾപ്പടെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രികളിലെ അടക്കം പല ചികിത്സ വിഭാഗങ്ങളും അടയ്ക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയേറ്റി ആരോഗ്യപ്രവർത്തകരിലെ കൊവിഡ് ബാധ. സംസ്ഥാനത്ത് ഇതുവരെ 444 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് പിടിപെട്ടത്. ഡോക്ടർമാർക്കുൾപ്പടെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രികളിലെ അടക്കം പല ചികിത്സ വിഭാഗങ്ങളും അടയ്ക്കുകയാണ്. ആരോഗ്യ പ്രവർത്തകരിലെ രോഗബാധ, കൊവിഡ്-കൊവിഡ് ഇതര ചികിത്സകളെ സാരമായി ബാധിക്കുന്നുണ്ട്.
സംസ്ഥാനത്തെ മൊത്തം രോഗബാധിതരിൽ മൂന്ന് ശതമാനം പേർ ആരോഗ്യപ്രവർത്തകരാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ 18 ശതമാനം പേർ ഡോക്ടർമാരും 24 ശതമാനം പേർ നഴ്‌സുമാരുമാണ്. മെഡിക്കൽ കോളജ് ആശുപത്രികൾ, ആർസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ ഇങ്ങനെ രോഗം എല്ലാ മേഖലകളിലും പിടിമുറുക്കി. വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ കുറവാണ് ആദ്യഘട്ടത്തിൽ വെല്ലുവിളിയായതെങ്കിൽ ലഭിച്ച ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്മയും രോഗികളുമായുള്ള അടുത്ത സമ്പർക്കവും എല്ലാം രോഗബാധയ്ക്ക് കാരണമായി. ഡോക്ടർമാരും നഴ്‌സുമാരും രോഗ ബാധിതരായതോടെ കൊവിഡ് ഇതര രോഗികളും കൂട്ടിരിപ്പുകാരും രോഗബാധിതരാകുന്ന സാഹചര്യമുണ്ടായി. രോഗബാധിതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെപേർ നിരീക്ഷണത്തിലേക്കും പോയി. ഇതോടെ വാർഡുകൾ പലതും അടച്ചു. രോഗി പരിചരണത്തിലും പ്രശ്‌നങ്ങളുണ്ടായി. പലയിടത്തും അടിയന്തരമല്ലാത്ത എല്ലാ ചികിത്സകളും ശസ്ത്രക്രിയകളും നിർത്തി വച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാൽ ആരോഗ്യ പ്രവർത്തകർ കടുത്ത വെല്ലുവിളി നേരിടുകയാണ്. ചികിത്സയിലും രോഗി പരിചരണത്തിലുമടക്കം കർശന നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ചികിത്സ പൂർണമായും മുടങ്ങുന്ന സ്ഥിതി ഉണ്ടായേക്കുമെന്നാണ് ആശങ്ക. ആശുപത്രികളിൽ ജീവനക്കാരുടെ കുറവുണ്ടാകാതിരിക്കാൻ ചില ആശുപത്രികൾ ഒരു കൂട്ടം ജീവനക്കാരെ മാറ്റി നിർത്തിയിട്ടുണ്ടെങ്കിലും മിക്കയിടത്തും അത് പ്രാവർത്തികമായിട്ടില്ല. രണ്ടാം നിര ആരോഗ്യപ്രവർത്തകരെ സജ്ജമാക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.