പ്രവാസികളെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളം ഒരുങ്ങി; അണുനശീകരണത്തിന് ഡിആര്‍ഡിഒയും
ജില്ലാ അധികൃതര്‍, സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പ്, പോലിസ്, തദ്ദേശ സ്ഥാപനങ്ങള്‍, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കൊവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് വിമാനത്താവളത്തില്‍ നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയില്‍ നിന്ന് അബുദാബിയിലേയ്ക്ക് പറക്കും. വൈകുന്നേരം അഞ്ചരയോടെയാകും അവിടെ നിന്നും യാത്രക്കാരുമായി മടക്കയാത്ര. വിമാനം അണുവിമുക്തമാക്കല്‍ നടപടികള്‍ പൂര്‍ത്തിയായി
കൊച്ചി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളം ഒരുങ്ങി.ബാഗേജുകളെ അണുനശീകരണം നടത്താന്‍ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷ(ഡിആര്‍ഡിഒ)ന്റെ സഹായമുള്‍പ്പെടെ വിപുലമായ സന്നാഹമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. നിലവിലെ സമയപ്പട്ടികയനുസരിച്ച് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വ്യാഴാഴ്ച രാത്രി 9.40 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. 179 യാത്രക്കാര്‍ ഇതിലുണ്ടാകും. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന രണ്ടാം വിമാനമായ ദോഹ-കൊച്ചി സര്‍വീസ് ശനിയാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.
ജില്ലാ അധികൃതര്‍, സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പ്, പോലിസ്, തദ്ദേശ സ്ഥാപനങ്ങള്‍, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കൊവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് വിമാനത്താവളത്തില്‍ നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയില്‍ നിന്ന് അബുദാബിയിലേയ്ക്ക് പറക്കും. വൈകുന്നേരം അഞ്ചരയോടെയാകും അവിടെ നിന്നും യാത്രക്കാരുമായി മടക്കയാത്ര. വിമാനം അണുവിമുക്തമാക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. യാത്രക്കാര്‍ പൂരിപ്പിച്ചുനല്‍കേണ്ട സത്യവാങ്മൂലം ഉള്‍പ്പെടെയുള്ള ഫോറങ്ങള്‍ ഈ വിമാനത്തില്‍ കൊടുത്തുവിടും. യാത്രക്കാരുമായി തിരികെയെത്തുന്ന വിമാനത്തിന് പ്രത്യേക പാര്‍ക്കിങ് ബേ, എയറോബ്രിഡ്ജുകള്‍ എന്നിവ ലഭ്യമാക്കും. യാത്രക്കാര്‍ക്കാര്‍ക്ക് പുറത്തിറങ്ങാനുള്ള മാര്‍ഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്.
ടെര്‍മിനലിലേയ്ക്ക പ്രവേശിക്കുമ്പോള്‍ തന്നെ ടെമ്പറേച്ചര്‍ ഗണ്‍, തെര്‍മല്‍ സ്‌കാനര്‍ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലന്‍സിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹെല്‍ത്ത് കൗണ്ടറുകളില്‍ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടര്‍ന്ന് ഇവരെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിക്കും. പത്തു ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ പാകത്തില്‍ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഗ്ലാസ് മറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുമ്പിലും കണ്‍വെയര്‍ ബെല്‍റ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നില്‍ക്കാനുള്ള പ്രത്യേക അടയാളങ്ങള്‍ വച്ചിട്ടുണ്ട്. അഞ്ചാം നമ്പര്‍ ബെല്‍റ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
ബാഗേജ് പരിശോധനയ്ക്ക് അള്‍ട്രാവയലറ്റ്
ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ എന്‍പിഒ. ലാബ് വികസിപ്പിച്ചെടുത്ത അള്‍ട്രാവയലറ്റ് അണുനാശിനി ഉപകരണം വിമാനത്താവളത്തില്‍ സ്ഥാപിച്ചുവരികയാണ്. വിമാനത്തില്‍ നിന്ന് ബാഗേജ് പുനര്‍വിന്യാസ സംവിധാനത്തിലെത്തുന്ന ബാഗുകളെ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. തുടര്‍ന്ന് ബെല്‍റ്റിലൂടെ നീങ്ങുന്ന ബാഗേജുകള്‍ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിന് മുമ്പിലും ബാഗിന്റെ ഓരോ വശത്തും അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതിനുശേഷമാകും യാത്രക്കാര്‍ ബാഗുകളെടുക്കുന്ന കെറോസല്‍ ഭാഗത്തേയ്ക്ക് ഇവയെത്തുക.
കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ സഹായത്തോടെയാണ് എന്‍പിഒഎല്‍ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കില്‍ എത്ര അളവില്‍ അള്‍ട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയോടെ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകും.ഈ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി 500 ട്രോളികള്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവിനക്കാര്‍ക്കായി പിപിഇ കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാര്‍ക്കും കയ്യുറകള്‍, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് വിമാനത്താവളം അധികൃതര്‍ നല്‍കും.
ഇവിടുത്തെ അമ്പതോളം ഏജന്‍സികളിലെ ജീവനക്കാര്‍ക്ക് സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. സിന്തറ്റിക്, തുണി, ലെതര്‍ എന്നീ ആവരണമുള്ള ഫര്‍ണിച്ചര്‍ എല്ലാം മാറ്റിയിട്ടുണ്ട്. രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേര താല്‍ക്കാലികമായി ഒരുക്കിക്കഴിഞ്ഞു. ടെര്‍മിനലും ഉപകരണങ്ങളും മൂന്നുഘട്ടങ്ങളിലായി അണുനാശനം വരുത്തിക്കഴിഞ്ഞു. ഓരോ സര്‍വീസിന് ശേഷവും ഈ പ്രക്രിയ ആവര്‍ത്തിക്കും. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടര്‍ന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസ്സുകളിലേയ്ക്ക് ഇവരെ നയിക്കും. രോഗലക്ഷണമില്ലാത്തവര്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
്