കൊവിഡ് ക്വാറന്റൈന്‍: ഹോട്ടല്‍ മുറികള്‍ സൗജന്യമായി വിട്ടുനല്‍കാനാവില്ലെന്ന് കെഎച്ച്ആര്‍എ
പ്രവാസികളുടെ തിരിച്ചു വരവ് എത്രകാലം നീണ്ടുനില്‍ക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. അനിശ്ചിത കാലത്തേക്ക് ഹോട്ടല്‍ മുറികള്‍ വിട്ടുനല്‍കുവാന്‍ ഉടമകള്‍ക്കാവില്ല. ക്വാറന്റൈന്‍ ചെയ്യുന്നതിനായി വിട്ടുനല്‍കുന്ന കാലത്തെ വൈദ്യുതി, വെള്ളം, ജനറേറ്റര്‍, മെയിന്റനന്‍സ് അടക്കമുള്ള ചെലവുകള്‍ ആര് വഹിക്കുമെന്ന ഒരറിയിപ്പും ഹോട്ടലുടമകള്‍ക്ക് നല്‍കിയിട്ടില്ല. പല ഹോട്ടല്‍ മുറികളും നിര്‍ബന്ധപൂര്‍വമാണ് ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്നത്. കഴിഞ്ഞ 50 ദിവസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ഹോട്ടലുടമകള്‍ക്ക് മറ്റ് വരുമാനമാര്‍ഗമൊന്നുമില്ല
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ക്വാറന്റൈന്‍ സൗകര്യത്തിനായി സംസ്ഥാനത്തെ ഹോട്ടലുകളിലേയും ലോഡ്ജുകളിലേയും മുറികള്‍ സൗജന്യമായി വിട്ടുനല്‍കാനാവില്ലായെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. പ്രവാസികളുടെ തിരിച്ചു വരവ് എത്രകാലം നീണ്ടുനില്‍ക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. അനിശ്ചിത കാലത്തേക്ക് ഹോട്ടല്‍ മുറികള്‍ വിട്ടുനല്‍കുവാന്‍ ഉടമകള്‍ക്കാവില്ല. ക്വാറന്റൈന്‍ ചെയ്യുന്നതിനായി വിട്ടുനല്‍കുന്ന കാലത്തെ വൈദ്യുതി, വെള്ളം, ജനറേറ്റര്‍, മെയിന്റനന്‍സ് അടക്കമുള്ള ചെലവുകള്‍ ആര് വഹിക്കുമെന്ന ഒരറിയിപ്പും ഹോട്ടലുടമകള്‍ക്ക് നല്‍കിയിട്ടില്ല. പല ഹോട്ടല്‍ മുറികളും നിര്‍ബന്ധപൂര്‍വമാണ് ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്നത്. കഴിഞ്ഞ 50 ദിവസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ഹോട്ടലുടമകള്‍ക്ക് മറ്റ് വരുമാനമാര്‍ഗമൊന്നുമില്ല.
ക്വാറന്റൈന്‍ ആവശ്യത്തിനായി ഏറ്റെടുക്കുന്ന മുറികള്‍ക്ക് വരുന്ന പ്രവര്‍ത്തനചെലവ് കൂടി ഏറ്റെടുക്കുവാനുള്ള സാമ്പത്തികശേഷി ഹോട്ടലുടമകള്‍ക്കില്ല. വലിയ വായ്പയും മറ്റുമെടുത്ത് വാടകക്കും ലീസിനുമെടുത്തിരിക്കുന്ന സ്ഥാപനങ്ങളാണ് ഭൂരിപക്ഷവും. സര്‍ക്കാര്‍ ഉടമസ്തതയിലുള്ള കെടിഡിസി ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ചെയ്യുന്നവര്‍ വാടക നല്‍കണമെന്നിരിക്കെ സാധാരണ ലോഡ്ജുടമകള്‍ സൗജന്യമായി നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നത് ഇരട്ടത്താപ്പാണ്. ക്വാറന്റൈന്‍ കേന്ദ്രമാക്കുന്ന ഹോട്ടല്‍ മുറികളുടെ സൗകര്യത്തിനനുസരിച്ചുള്ള വാടക താമസിക്കുവാന്‍ വരുന്നവരില്‍ നിന്നും ഈടാക്കുവാനുള്ള അനുവാദം നല്‍കുകയോ അല്ലെങ്കില്‍ വാടക സര്‍ക്കാര്‍ നല്‍കുകയോ ചെയ്യണമെന്നും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും ആവശ്യപ്പെട്ടു.