കൊവിഡ് തടയല്‍; പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നെടുമ്പാശേരി വിമാനത്താവളം
നെടുമ്പാശ്ശേരി വിമാനത്താവളം ഇതുവരെ പരിചയമില്ലാത്ത അതീവ സുരക്ഷാ ക്രമീകരണങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മൂന്നു വട്ട ആരോഗ്യ പരിശോധനകള്‍ക്കു വിധേയമായി നാലാം ഘട്ടത്തില്‍ മാത്രം പുറത്തേക്കുള്ള വഴി. പറന്നെത്തുന്ന പ്രവാസിയെ സ്വീകരിക്കാനും കൊവിഡിനെ അകറ്റി നിര്‍ത്താനും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്
കൊച്ചി: ചുരുങ്ങിയ വാക്കുകള്‍ക്കുള്ളിലെ ചോദ്യം ചെയ്യല്‍, വിശദമായ ആരോഗ്യ പരിശോധന, പുറത്തേക്കിറങ്ങാന്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം ലഭിക്കുന്ന പാസ് , മുന്‍കൂട്ടി അറിയിച്ച വാഹനത്തില്‍ മാത്രം യാത്ര. അതും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്കു മാത്രം. നെടുമ്പാശ്ശേരി വിമാനത്താവളം ഇതുവരെ പരിചയമില്ലാത്ത അതീവ സുരക്ഷാ ക്രമീകരണങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മൂന്നു വട്ട ആരോഗ്യ പരിശോധനകള്‍ക്കു വിധേയമായി നാലാം ഘട്ടത്തില്‍ മാത്രം പുറത്തേക്കുള്ള വഴി. പറന്നെത്തുന്ന പ്രവാസിയെ സ്വീകരിക്കാനും കൊവിഡിനെ അകറ്റി നിര്‍ത്താനും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.
വിമാനത്തില്‍ നിന്നിറങ്ങുന്ന ഓരോ പ്രവാസിയും എമിഗ്രേഷനില്‍ എത്തുന്നതിനു മുമ്പേ തന്നെ എത്തുന്നത് പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ മുറിയിലേക്കാണ്. ഇവിടെ തുടങ്ങുന്നു പരിശോധനയുടെ ആദ്യ ഘട്ടം. പ്രത്യേകം സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞ ഡോക്ടറുടെയും നഴ്‌സും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമാണ് ഇവരെ സ്വീകരിക്കുക. രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട വിശദമായ ചോദ്യങ്ങളാണ് ഇവിടെയുള്ളത്. പനി, ചുമ, തുടങ്ങി ഏതെങ്കിലും ലക്ഷണം ആരെങ്കിലും അറിയിച്ചാല്‍ ഇവരെ മാറ്റി നിര്‍ത്തും. മറ്റു യാത്രക്കാരുമായോ വിമാനത്താവളത്തിലെ മറ്റിടങ്ങളുമായോ സമ്പര്‍ക്കത്തിലാകാന്‍ ഇവരെ അനുവദിക്കില്ല. ലക്ഷണങ്ങള്‍ ഉള്ളവരെ അവിടെ നിന്നു തന്നെ പ്രത്യേക ആംബുലന്‍സില്‍ കോവിഡ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കും. പ്രത്യേക വാതിലിലൂടെയാണ് ഇവരെ ആംബുലന്‍സിന് അടുത്തേക്ക് എത്തിക്കുന്നത്.
ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ വിമാനത്താവളത്തിലെ രണ്ടാം ഘട്ട പരിശോധനക്കാണ് എത്തുന്നത്.എയര്‍പോര്‍ട്ട് ഹെല്‍ത് ഓര്‍ഗനൈസേഷന്‍ ആണ് ഇത് നടപ്പാക്കുന്നത്. ഇവിടെ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നു. ഇവിടെയും ഡോക്ടര്‍ , നഴ്‌സ്, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുണ്ടാകും. തെര്‍മല്‍ സ്‌ക്രീനിംഗ് ഉള്‍പ്പടെ ഇവിടെ നടത്തുന്നുണ്ട്.ണ്ടം ഘട്ട പരിശോധന പൂര്‍ത്തിയായാല്‍ യാത്രക്കാര്‍ മൂന്നാം ഘട്ടത്തിലേക്കാണ് എത്തുന്നത്. ഇവിടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറണം. പിന്നീട് അസുഖം വന്നാല്‍ മറ്റു നടപടികള്‍ എളുപ്പത്തിലാക്കാന്‍ വേണ്ടി കൂടിയാണ് പൂര്‍ണ്ണമായ മേല്‍വിലാസം ശേഖരിക്കുന്നത്. പേര്, അഡ്രസ്, പിന്‍ കോഡ്, ഫ്‌ളൈറ്റ് നമ്പര്‍ ,സീറ്റ് നമ്പര്‍ താലൂക്ക്, ജില്ല ഉള്‍പ്പടെയുള്ള വിവരങ്ങളും ഇവിടെ ശേഖരിക്കും. റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. . ഫോണ്‍ നമ്പര്‍ സഹിതം പ്രത്യേക ഫോം പൂരിപ്പിച്ചാണ് വാങ്ങുന്നത്. ഫോമിനോട് അനുബന്ധമായി മുറിച്ചു മാറ്റാവുന്ന മറ്റൊരു ഭാഗമുണ്ട്. ഇതാണ് പുറത്തേക്ക് കടക്കുന്നതിനുള്ള പാസായി നല്‍കുന്നത്.
ഗര്‍ഭിണികള്‍ , പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍, 75 വയസ്സിനു മുകളിലുള്ള ആളുകള്‍ എന്നിവര്‍ക്ക് വീടുകളിലാണ് സമ്പര്‍ക്ക വിലക്കില്‍ കഴിയേണ്ടത്. യാത്ര ചെയ്യുന്ന വാഹന നമ്പര്‍ വരെയുള്ള വിവരങ്ങള്‍ ഈ ഫോമില്‍ എഴുതണം.ഇങ്ങനെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ രണ്ടു വഴികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലു പേരടങ്ങുന്ന സംഘത്തെയാണ് കടത്തിവിടുന്നത്. എക്‌സിറ്റ് പാസ് ഉള്ളവരേ മാത്രമേ പുറത്തേക്ക് കടക്കാന്‍ അനുവദിക്കൂ. പുറത്തു കടക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുള്ള ആരോഗ്യ വകുപ്പിന്റെ ജീവനക്കാരെ അറിയിക്കും. അതോടെപ്പം പോലിസിനും കൈമാറും. പോലിസ് പാസില്‍ രേഖപ്പെടുത്തിയിട്ടുള്ള വാഹനത്തിന്റെ അടുത്തേക്ക് യാത്രക്കാരെ എത്തിക്കും.
സര്‍ക്കാര്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക കൗണ്ടറാണ് ഒരുക്കിയിരിക്കുന്നത്. ഇവരെ ജില്ല തിരിച്ച് മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. കെഎസ്ആര്‍ടിസി. ബസാണ് ഇവര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഓരോ ജില്ലയിലേക്കുമുള്ള കെഎസ്ആര്‍ടിസി. ബസുകള്‍ക്ക് ഓരോ നമ്പര്‍ നല്‍കിയിട്ടുണ്ട്. എക്‌സിറ്റ് പാസ് നേടിയതിനു ശേഷം പുറത്തു കടക്കുന്ന ഇവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആ നമ്പറിലുള്ള ബസില്‍ കയറ്റിയിരുത്തും. കൂടാതെ യാത്രക്കാര്‍ കടന്നു പോകുന്ന ഓരോ ഇടങ്ങളിലും സമ്പര്‍ക്ക വിലക്കിനെ സംബന്ധിച്ച അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. സമ്പര്‍ക്ക വിലക്കില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിലക്ക് ലംഘിച്ചാലുള്ള ശിക്ഷ തുടങ്ങിയ കാര്യങ്ങളും പറയുന്നുണ്ട്. ഈ വിവരങ്ങളെല്ലാം തന്നെ ലഘുലേഖയായും യാത്രക്കാര്‍ക്ക് നല്‍കുന്നു. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കലാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്.
ഓരോ ജില്ല തിരിച്ചും യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കും.. ഇത് മറ്റ് ജില്ലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വാട്‌സ് അപ്പ് ഗ്രൂപ്പുവഴി ഷെയര്‍ ചെയ്യും. യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ മറ്റ് ജില്ലക്കാര്‍ക്കും വിവരങ്ങള്‍ അറിയാന്‍ കഴിയും. ആ ജില്ലയില്‍ അയാള്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നുണ്ടോ തുടങ്ങിയ പൂര്‍ണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാന്‍ ഇതു വഴി സാധിക്കും. ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ നമ്പര്‍ വരെ ശേഖരിക്കും. തഹസില്‍ദാര്‍ കെ.വി. അംബ്രോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടോമി സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.വിമാനം ലാന്‍ഡ് ചെയ്യുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ആരംഭിക്കുന്ന ജോലികള്‍ അവസാന യാത്രക്കാരനും പുറത്തിറങ്ങിയ ശേഷമാണ് അവസാനിക്കുന്നത്. നോഡല്‍ ഓഫീസര്‍ ഡോ. എം ഹനീഷ്, ഡോ. അരുണ്‍, ഡോ. ആനന്ദ്, ഡോ. ജിന്റോ , ഡോ. പ്രസ്ലിന്‍ ,ഡോ. രജീഷ് എന്നിവരാണ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.