കൊവിഡ്-19 : സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് ഏപ്രില്‍ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി
സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറില്‍ ഹെഡ്ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും ആണ് വിതരണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നത്.17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക
കൊച്ചി: കൊവിഡ്-19 സ്ഥിതിവിശേഷം നേരിടാന്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രില്‍ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി. പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറില്‍ ഹെഡ്ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും ആണ് വിതരണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നത്.17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക.
പഞ്ചസാര ( ഒരു കിലോ), ചായപ്പൊടി ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയറ് (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞള്‍പ്പൊടി ( 100 ഗ്രാം) ,ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം) ,സണ്‍ ഫളവര്‍ ഓയില്‍ ( ഒരു ലിറ്റര്‍), ഉഴുന്ന് ( ഒരു കിലോ) എന്നീ പതിനേഴ് ഭക്ഷ്യ വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.
കൊറോണക്കാലത്ത് ആര്‍ക്കും ഭക്ഷണമില്ലാതിരിക്കരുത് എന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങള്‍ സപ്ലൈകോ റേഷന്‍ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്നും സി എംഡി അറിയിച്ചു.1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങള്‍ക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സര്‍ക്കാര്‍ 350 കോടിരൂപ സി.എം.ഡി.ആര്‍.എഫ് ല്‍ നിന്നും ആദ്യഗഡുവായി അനുവദിച്ചു.