കൊവിഡ്-19: ഓശാന ഞായറാഴ്ച കുരുത്തോല വിതരണമില്ല; ഈസ്റ്റര്‍ അടക്കമുള്ള ചടങ്ങുകളില്‍ വിശ്വാസികളെ പങ്കെടുപ്പിക്കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
പെസഹാവ്യാഴാഴ്ചയിലെ ദേവാലയങ്ങളിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കേണ്ടതാണ്.പെസഹാവ്യാഴാഴ്ച ഭവനങ്ങളില്‍ നടത്താറുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷ ഓരോ ഭവനത്തിലുമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.ദുഖവെള്ളിയാഴ്ചയുള്ള ക്രൂശിതരൂപ/സ്ലീവാചുംബനവും പുറത്തേയ്ക്കുള്ള കുരിശിന്റെ വഴിയും പരിഹാരപ്രദക്ഷിണവും നടത്താന്‍ പാടില്ല.
കൊച്ചി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കന്ന ലോക്ഡൗണിന്റെ പശ്ചാത്താലത്തില്‍ ദേവാലയങ്ങളില്‍ ഓശാന, ഈസ്റ്റര്‍ അടക്കമുള്ള ചടങ്ങുകളില്‍ ജനങ്ങളെ പങ്കെടുപ്പിക്കേണ്ടെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.ഇത് സംബന്ധിച്ച് വ്യക്തമക്കിക്കൊണ്ട് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുവേണ്ടി നിലവിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ തിരുക്കര്‍മങ്ങള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് നടത്തേണ്ടത്.
മെത്രാന്മാര്‍ കത്തീഡ്രല്‍ ദൈവാലയങ്ങളിലും വൈദികര്‍ ഇടവക ദൈവാലയങ്ങളിലും അവശ്യംവേണ്ട ശുശ്രൂഷകരുടെ മാത്രം (5 പേരില്‍ കൂടാതെ) പങ്കാളിത്തത്തോടെയാണ് തിരുക്കര്‍മങ്ങള്‍ നടത്തേണ്ടത്.സാധിക്കുന്നിടത്തോളം കത്തീഡ്രല്‍ ദൈവാലയങ്ങളില്‍നിന്നോ അതാത് ഇടവക കളില്‍നിന്നോ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ലൈവ് ആയി വിശ്വാസികള്‍ക്കു വേണ്ടി സംപ്രേഷണം ചെയ്യേണ്ടതാണ്.ഓശാന ഞായറാഴ്ച വൈദികന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ അന്നത്തെ തിരുക്കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി മാത്രം കുരുത്തോലകള്‍ (ലഭ്യമെങ്കില്‍) ആശീര്‍വ്വദിച്ചാല്‍ മതിയാകും. അന്ന് മറ്റുള്ളവര്‍ക്ക് കുരുത്തോല വിതരണം നടത്തേണ്ടതില്ല.
വിശുദ്ധ മൂറോന്‍ കൂദാശ വിശുദ്ധവാരത്തില്‍ നടത്തേണ്ടതില്ല. പിന്നീട് ഒരു ദിവസം നടത്താവുന്നതാണ് (പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച്).പെസഹാവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കേണ്ടതാണ്.പെസഹാവ്യാഴാഴ്ച ഭവനങ്ങളില്‍ നടത്താറുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷ ഓരോ ഭവനത്തിലുമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. കുടുംബകൂട്ടായ്മ അടിസ്ഥാനത്തിലോ ബന്ധുവീടുകള്‍ ഒന്നിച്ചുചേര്‍ന്നോ നടത്താറുള്ള അപ്പംമുറിക്കല്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
ദുഖവെള്ളിയാഴ്ചയുള്ള ക്രൂശിതരൂപ/സ്ലീവാചുംബനവും പുറത്തേയ്ക്കുള്ള കുരിശിന്റെ വഴിയും പരിഹാരപ്രദക്ഷിണവും നടത്താന്‍ പാടില്ല. ഈ ദിവസത്തെ തിരുക്കര്‍മങ്ങള്‍ ആവശ്യമെങ്കില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിവസം (സെപ്തംബര്‍ 14 ന്) നടത്താവുന്നതാണ്.വലിയ ശനിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല. പിന്നീടൊരവസരത്തില്‍ ജനങ്ങള്‍ക്ക് വെള്ളം വെഞ്ചരിച്ച് നല്‍കാവുന്നതാണ്.ഉയിര്‍പ്പുതിരുനാളിന്റെ കര്‍മങ്ങള്‍ രാത്രിയില്‍ നടത്തേണ്ടതില്ല. പകരം അന്നു രാവിലെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചാല്‍ മതിയാകുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.