യുഎഇയില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
കെഎംസിസി ദുബായ് പ്രസിഡന്റ് ഇബ്രാഹിം എളേട്ടില്‍ ആണ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.സന്നദ്ധതയറിയിച്ച വിമാനകമ്പനികള്‍ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം
കൊച്ചി: കോവിഡ്-19 നെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ വിമാന സര്‍വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെഎംസിസി ഹൈക്കോടതിയെ സമീപിച്ചു. ലേബര്‍ ക്യാംപുകളില്‍ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരെയടക്കം അടിയന്തരമായി നാട്ടില്‍ എത്തിക്കാനായി യാത്രാവിലക്കില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ദുബായ് പ്രസിഡന്റ് ഇബ്രാഹിം എളേട്ടില്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ , അഡ്വ. എം മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തത്.
സന്നദ്ധതയറിയിച്ച വിമാനകമ്പനികള്‍ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.യുഎഇയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് വിദേശകാര്യമന്ത്രിക്കും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെഎംസിസി കത്തു നല്‍കിയിരുന്നു. എന്നാല്‍ സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നായിരുന്നു സ്ഥാനപതിയുടെ മറുപടി. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന് മാര്‍ച്ച് 23 ന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് നല്‍കിയതുമില്ല.
കുടുങ്ങിക്കിടക്കുന്ന പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനും തുല്യതയ്ക്കും ഉള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നാണ് ഹരജിയിലെ വാദം. ഇന്ത്യയില്‍ കുടുങ്ങിയ കാനഡ, ജര്‍മനി സ്വദേശികളെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തി. കൊറോണ ബാധിച്ച രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ഫിലിപ്പെയിന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ശേഷവും മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ 405 പേരെ ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതേ വിമാനത്തില്‍ ഇന്ത്യയിലുള്ള 135 മലേഷ്യന്‍ പൗരന്മാരെ അവരുടെ നാട്ടിലും എത്തിച്ചു. സമാന രീതിയില്‍ യുഎഇയില്‍ നിന്ന് ചാര്‍ട്ടഡ് വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നും ഹരജിയില്‍ പറയന്നു.
തൊഴിലന്വേഷിച്ചു സന്ദര്‍ശ വിസയില്‍ വന്ന് കാലാവധി തീര്‍ന്നു ചെലവിന് കാശില്ലാതെ വലയുന്നവര്‍ , യാത്രാ നിയന്ത്രണം കാരണം കുട്ടികള്‍ ഇന്ത്യയിലും മാതാപിതാക്കള്‍ യുഎഇയിലുമായി കഴിയേണ്ടി വരുന്നവര്‍, തുടര്‍ ചികില്‍സ ലഭ്യമാക്കാന്‍ ഇന്ത്യയില്‍ എത്തേണ്ടത് അനിവാര്യമായ ഗര്‍ഭിണികള്‍, പരിചരിക്കാന്‍ മറ്റാരുമില്ലാത്ത അസുഖബാധിതനായവരെ സഹായിക്കേണ്ടതായ കുടുംബാംഗങ്ങള്‍, തൊഴിലും ഭക്ഷ്യവസ്തുക്കളും ഇല്ലാതെ ലേബര്‍ ക്യാംപുകളില്‍ തുടരേണ്ടിവരുന്നവര്‍ എന്നിവരെയൊക്കെ നാട്ടില്‍ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.