കൊവിഡ്-19: നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി

കൊവിഡ് ബാധ സര്‍ക്കാര്‍ ജീവനക്കാരടക്കം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നിര്‍ബന്ധിതമായ പണപ്പിരിവ് ശരിയല്ല.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലും സുതാര്യമല്ല. ഓഡിറ്റിങ് നടത്താന്‍ കഴിയുന്ന തരത്തില്‍ പ്രത്യേക അക്കൗണ്ടിലേക്ക് ദുരിതാശ്വാസ ഫണ്ട് മാറ്റണമെന്നും യു ഡി എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.എപ്പിഡെമിക് ഓര്‍ഡിനന്‍സിലെ 2 സി പിന്‍വലിക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു

Update: 2020-04-02 13:57 GMT

കൊച്ചി: കൊവിഡ് - 19 ന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധപൂര്‍വം സാലറി ചലഞ്ച് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരും അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരും വിശ്രമമില്ലാതെ പണിയെടുക്കുകയാണ്. മാത്രമല്ല കൊവിഡ് ബാധ സര്‍ക്കാര്‍ ജീവനക്കാരടക്കം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നിര്‍ബന്ധിതമായ പണപ്പിരിവ് ശരിയല്ല.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലും സുതാര്യമല്ല. ഓഡിറ്റിങ് നടത്താന്‍ കഴിയുന്ന തരത്തില്‍ പ്രത്യേക അക്കൗണ്ടിലേക്ക് ദുരിതാശ്വാസ ഫണ്ട് മാറ്റണമെന്നും യു ഡി എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. പ്രളയ ദുരിതാശ്വാസ നിധിയെ കുറിച്ച് വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഫണ്ട് വിനിയോഗത്തില്‍ വ്യാപകമായ തട്ടിപ്പും നടന്നതായി തെളിഞ്ഞു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ ചെലവഴിച്ച വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് അടക്കം സാലറി ചലഞ്ചില്‍ പിരിച്ചെടുത്ത പണം പോലും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന ശേഷമാണ്. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ ഫണ്ട് സുതാര്യമാക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിക്ക് ആയിരം കോടി നീക്കി വച്ച സര്‍ക്കാര്‍ ഒരു പൈസ പോലും ചെലവാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു സാലറി ചലഞ്ചുമായി വരുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.

കരാറുകാര്‍ക്ക് കൊടുക്കാനുള്ള പതിനാലായിരം കോടി രൂപയും ആറ് മാസത്തെ സാമൂഹ്യ ക്ഷേമ പെന്‍ഷനും സര്‍ക്കാരിന്റെ വീഴ്ച കൊണ്ട് വന്ന കുടിശ്ശികയാണ്. അതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധിതമായി പിരിച്ചെടുക്കുന്നത് ശരിയല്ല. സാമ്പത്തിക ബുദ്ധിമുട്ട് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഹെലികോപ്റ്റര്‍ പോലെയുള്ള ആഡംബരങ്ങള്‍ക്ക് പണം ചെലവാക്കുന്നതെന്നും ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി.സര്‍ക്കാര്‍ കൊണ്ടുവന്ന കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സിലെ 2 സി പിന്‍വലിക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. വേണ്ടി വന്നാല്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ വകുപ്പ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ധാര്‍മ്മികമാണോയെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. കാസര്‍ഗോഡ് അതിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ അടച്ചിട്ടത് ധാര്‍മിക പ്രശ്‌നമായി ഉന്നയിക്കുകയും കോടതിയില്‍ ചോദ്യ ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ തന്നെ ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇറക്കിയത് ശരിയല്ല. ഓര്‍ഡിനന്‍സിലെ അധാര്‍മ്മികമായ ഇത്തരം വകുപ്പുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News