മലപ്പുറം ജില്ലയില്‍ 297 പേര്‍ക്ക് കൂടി കൊവിഡ്; 258 പേര്‍ക്ക് സമ്പര്‍ക്കംവഴി വൈറസ് ബാധ, 266 പേര്‍ക്ക് രോഗമുക്തി
25 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
മലപ്പുറം: ജില്ലയില്‍ ഇന്ന് 297 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 258 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 25 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയവരും ശേഷിക്കുന്ന രണ്ടുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 266 പേരുള്‍പ്പടെ ഇതുവരെ 11,041 പേരാണ് വിദഗ്ധചികില്‍സയ്ക്കുശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.
32,954 പേര്‍ നിരീക്ഷണത്തില്‍
32,954 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,248 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 500 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 2,007 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,41,807 സാംപിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ചത്. ഇതില്‍ 2,601 സാംപിളുകളുടെ പരിശോധനാഫലങ്ങള്‍ ലഭിക്കാനുണ്ട്.
ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.