കൊവിഡ്-19: സിംഗപൂര്‍, ദമാം എന്നിവടങ്ങളില്‍ നിന്ന് 305 പേരെക്കൂടി തിരികെ എത്തിച്ചു
ദമാമില്‍ നിന്നും ആറ് കൈക്കുഞ്ഞുങ്ങള്‍ അടക്കം 174 പേരും സിംഗപ്പൂരില്‍ നിന്നും 131 പേരുമാണ് ഇന്നലെ പ്രത്യേക വിമാനത്തില്‍ രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്
കൊച്ചി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ മലയാളികളില്‍ സിംഗപ്പൂരില്‍ നിന്നും ദമാമില്‍ നിന്നുമുള്ള 305 പേരെക്കൂടി ഇന്നലെ തിരികെ എത്തിച്ചു.ദമാമില്‍ നിന്നും ആറ് കൈക്കുഞ്ഞുങ്ങള്‍ അടക്കം 174 പേരും സിംഗപ്പൂരില്‍ നിന്നും 131 പേരുമാണ് ഇന്നലെ പ്രത്യേക വിമാനത്തില്‍ രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.
ദമാമില്‍ നിന്നുള്ള ഐ എക്‌സ് 1924 നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ രാത്രി 8.12 നാണ് നെടുമ്പാശേരിയിലെത്തിയത്. ഈ വിമാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരായിരുന്നു. 38 പേരാണ് കൊല്ലം ജില്ലയില്‍ നിന്നും വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു തമിഴ്നാട് സ്വദേശിയും ഉണ്ടായിരുന്നു. സിംഗപ്പൂരില്‍ നിന്നുള്ള ഐ എക്‌സ് 485 നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 10.50 നാണ് നെടുമ്പാശേരിയിലെത്തിയത്. ബംഗളുരു വഴി എത്തിയ വിമാനത്തില്‍ 131 മലയാളികളാണ് ഉണ്ടായിരുന്നത്. സിംഗപ്പൂരില്‍ നിന്നും വിമാനത്തില്‍ കയറിയ 180 പേരില്‍ 49 പേര്‍ ബംഗളുരുവില്‍ ഇറങ്ങി.