കൊവിഡ്: മലപ്പുറം ജില്ലയില്‍ 854 പേര്‍ക്ക് കൂടി രോഗബാധ; 544 പേര്‍ക്ക് രോഗമുക്തി
ഇതില്‍ 793 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം: ജില്ലയില്‍ ഇന്ന് 854 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 793 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രോഗബാധയുണ്ടായവരില്‍ നാലുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ചുപേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. രോഗവ്യാപനത്തില്‍ കുറവുണ്ടായതിന് തുടര്‍ച്ചയായി ജില്ലയില്‍ ഇന്ന് കൂടുതല്‍ പേര്‍ രോഗമുക്തരായത് ആശ്വാസകരമാണ്. 544 പേര്‍ക്കാണ് വിദഗ്ധചികില്‍സയ്ക്ക് ശേഷം രോഗമുക്തിയുണ്ടായത്. 20,537 പേര്‍ ഇതുവരെ കൊവിഡ് പ്രത്യേക ചികില്‍സയ്ക്കുശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
നിരീക്ഷണത്തില്‍ 45,723 പേര്‍
45,723 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,904 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 487 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,530 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,85,203 സാംപിളുകളില്‍ 8,128 സാംപിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 120 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
ജനകീയ സഹകരണത്തോടെ പ്രതിരോധം ഉറപ്പാക്കാം: ജില്ലാ കലക്ടര്‍
രോഗബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും കാര്യക്ഷമമായ പ്രതിരോധ നടപടികള്‍ നടത്തിവരികയാണെന്നും ഇതിനോട് ക്രിയാത്മക സമീപനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാവുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജനകീയ പങ്കാളിത്തത്തടെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന ഇടപെടലോയെയാണ് നിലവില്‍ രോഗവ്യാപനം കുറയ്ക്കാനാകുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ധനവ് ആശങ്കയേറ്റുന്നതാണെന്നും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്ചപാടില്ലെന്നും ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കൊപ്പം ആരോഗ്യജാഗ്രത പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.
ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കൊവിഡ് സാമൂഹ്യവ്യാപനം തടയാന്‍ ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാവുമെന്ന് ഓരോരുത്തരും തിരിച്ചറിയണം. മുതിര്‍ന്ന പൗരന്‍മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ റൂം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.