കൊവിഡ് : പരിശോധനാ ഫലങ്ങള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ പങ്കുവെയ്ക്കണം; ഇല്ലെങ്കില്‍ ലാബുകള്‍ക്കെതിരെ നടപടി

പരിശോധനാ ഫലങ്ങള്‍ കൃത്യമായി അപ്ലോഡ് ചെയ്യാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.പോലിസ് ലാബുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലെ ഉള്‍പ്പെടെയുള്ള കൊവിഡ് പരിശോധനാ ഫലങ്ങളുടെ ഡാറ്റാ എന്‍ട്രി ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. വരും ദിവസങ്ങളില്‍ ലബോറട്ടറികളില്‍ പരിശോധന ശക്തമാക്കും

Update: 2021-05-26 16:28 GMT

കൊച്ചി: കൊവിഡ് പരിശോധന നടത്തുന്ന ലബോറട്ടറികള്‍ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന് കര്‍ശന നിര്‍ദ്ദേശം. പരിശോധനാ ഫലങ്ങള്‍ കൃത്യമായി അപ്ലോഡ് ചെയ്യാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു.

സ്വകാര്യ ലാബുകള്‍ കൃത്യമായി പരിശോധനാ വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുന്നത് ജില്ലയിലെ കൊവിഡ് പ്രതിരോധ നടപടികളെ പ്രതികൂലമായി ബാധിക്കുന്നതായി യോഗം വിലയിരുത്തി.കൊവിഡ് പരിശോധനാ ഫലം ലഭ്യമാകുന്ന മുറയ്ക്ക് തന്നെ കൃത്യമായി ലാബുകള്‍ പങ്കുവെയ്ക്കണം. പോലിസ് ലാബുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലെ ഉള്‍പ്പെടെയുള്ള കൊവിഡ് പരിശോധനാ ഫലങ്ങളുടെ ഡാറ്റാ എന്‍ട്രി ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. വരും ദിവസങ്ങളില്‍ ലബോറട്ടറികളില്‍ പരിശോധന ശക്തമാക്കും.

തിങ്കള്‍, ശനി ദിവസങ്ങളില്‍ ജില്ലയിലെ മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. കണ്ണട കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തനാനുമതി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള ജില്ലയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.

കൊവിഡിന്റെ മൂന്നാംഘട്ട വ്യാപനം മുന്നില്‍ക്കണ്ട് അമ്പലമുഗളിലെ താല്‍ക്കാലിക ഗവ. കൊവിഡ് ആശുപത്രിയില്‍ 200 കിടക്കകള്‍ കുട്ടികള്‍ക്കായും 100 കിടക്കകള്‍ കൊവിഡനന്തര ചികിത്സക്കായും നീക്കി വെക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ ഓരോ യൂനിറ്റുകളെ വീതം ചെല്ലാനം, നായരമ്പലം പഞ്ചായത്തുകളില്‍ നിയോഗിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

Tags:    

Similar News