കൊവിഡ്: ആലപ്പുഴയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണം

നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഹൈവേകളിലേക്കും പ്രധാനപാതകളിലേക്കുമുള്ള എല്ലാ ഇടറോഡുകളും പൂര്‍ണമായി അടയ്ക്കാന്‍ പോലിസിനെ ചുമതലപ്പെടുത്തി. നിയന്ത്രിതമേഖലകളില്‍ റോഡുകള്‍ അടയ്ക്കുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകള്‍ അനധികൃതമായി നീക്കിയാല്‍ കര്‍ശന നിയമനടപടിയെടുക്കും

Update: 2021-05-21 15:37 GMT

ആലപ്പുഴ: കൊവിഡ് പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ തദ്ദേശസ്ഥാപനങ്ങളിലും നിയന്ത്രിത മേഖലകളിലും(കണ്ടെയ്ന്‍മെന്റ് സോണ്‍) കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ല കലക്ടര്‍ എ അലക്സാണ്ടര്‍ പറഞ്ഞു.നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഹൈവേകളിലേക്കും പ്രധാനപാതകളിലേക്കുമുള്ള എല്ലാ ഇടറോഡുകളും പൂര്‍ണമായി അടയ്ക്കാന്‍ പോലിസിനെ ചുമതലപ്പെടുത്തി. നിയന്ത്രിതമേഖലകളില്‍ റോഡുകള്‍ അടയ്ക്കുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകള്‍ അനധികൃതമായി നീക്കിയാല്‍ കര്‍ശന നിയമനടപടിയെടുക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ആറാട്ടുപുഴ, അരൂര്‍, ചേന്നംപള്ളിപ്പുറം, എഴുപുന്ന, കടക്കരപ്പള്ളി, കാവാലം, മാരാരിക്കുളം വടക്ക്, പാണാവള്ളി, പുളിങ്കുന്ന്, പുലിയൂര്‍, പുറക്കാട്, തിരുവന്‍വണ്ടൂര്‍, തുറവൂര്‍, തൈക്കാട്ടുശേരി, വീയപുരം എന്നീ പഞ്ചായത്തുകളില്‍ അടിയന്തരമായി ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ (ഡൊമിസിലറി കെയര്‍ സെന്ററുകള്‍) ആരംഭിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും.

സമ്പര്‍ക്ക വിലക്ക് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡുതലത്തില്‍ 50 വീടുകളെ ക്ലസ്റ്ററുകളായി തിരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍/അധ്യാപകര്‍/വോളന്റിയര്‍മാര്‍ എന്നിവരെ വിന്യസിക്കും.തദ്ദേശസ്ഥാപനങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ ബൈക്ക് പട്രോളിങിന് നിലവില്‍ നിയോഗിച്ച പോലിസ് ഉദ്യോഗസ്ഥരെക്കൂടാതെ പോലിസ്-ഫയര്‍ഫോഴ്സ് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെക്കൂടി നിയോഗിക്കും. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ഐസൊലേഷനിലും സമ്പര്‍ക്ക വിലക്കിലും കഴിയുന്നവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. മറ്റുള്ളവര്‍ക്ക് രോഗം പടരാനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

Tags:    

Similar News