കൊവിഡ്: ആലപ്പുഴയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍; തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ ഒരാഴ്ചയ്ക്കകം 5,000 ബെഡ്ഡുകള്‍ സജ്ജമാക്കും

സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഓഡിറ്റോറിയങ്ങള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കണ്ടെത്തി വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.ഓരോ പഞ്ചായത്തും 50 ബെഡ്ഡുകള്‍ എങ്കിലും സ്ഥാപിക്കാന്‍ പര്യാപ്തമായ കെട്ടിടം കണ്ടെത്തണം.ഏതെങ്കിലും പഞ്ചായത്ത് പരിധിയില്‍ ഇതിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ തൊട്ടടുത്ത ഒന്നോ രണ്ടോ പഞ്ചായത്തുകള്‍ ചേര്‍ന്ന് സിഎഫ്ടിസിക്കുള്ള കെട്ടിടം കണ്ടെത്തണം

Update: 2020-07-15 10:17 GMT

ആലപ്പുഴ: തദ്ദേശ ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തരത്തില്‍ ജില്ലയില്‍ കുറഞ്ഞത് 5000 ബെഡ്ഡുകള്‍ എങ്കിലും ഒരാഴ്ചയ്ക്കകം സജ്ജീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഓഡിറ്റോറിയങ്ങള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കണ്ടെത്തി വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് രാവിലെ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, നഗരസഭ-പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കലക്ടര്‍ ചര്‍ച്ച നടത്തി.

ഓരോ പഞ്ചായത്തും 50 ബെഡ്ഡുകള്‍ എങ്കിലും സ്ഥാപിക്കാന്‍ പര്യാപ്തമായ കെട്ടിടം കണ്ടെത്തണം.ഏതെങ്കിലും പഞ്ചായത്ത് പരിധിയില്‍ ഇതിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ തൊട്ടടുത്ത ഒന്നോ രണ്ടോ പഞ്ചായത്തുകള്‍ ചേര്‍ന്ന് സിഎഫ്ടിസിക്കുള്ള കെട്ടിടം കണ്ടെത്തണം. അനുയോജ്യമായ കെട്ടിടം കണ്ടെത്തുന്നതിനും സജ്ജീകരിക്കുന്നതിനും എംപിമാരും എംഎല്‍എമാരും പരമാവധി സഹായം നല്‍കണമെന്ന് കലക്ടര്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ എം പി മാരും എംഎല്‍എമാരുമായി കലക്ടര്‍ വിശദമായ ചര്‍ച്ച നടത്തി. ഹരിപ്പാട് താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മറ്റു രോഗങ്ങള്‍ക്ക് ചികില്‍സ തേടിയിരുന്നവര്‍ക്ക് നിലവില്‍ ചികില്‍സയുടെ അഭാവം നേരിടുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ചൂണ്ടിക്കാട്ടി. ആറാട്ടുപുഴ പഞ്ചായത്തില്‍ റേഷന്‍കട തുറക്കുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്തുകള്‍ക്ക് പണമില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും എസ് ഡി ആര്‍ എഫ് ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഇക്കാര്യത്തില്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്വാറന്റൈനില്‍ ഉള്ളവരുടെയും അല്ലാത്തവരുടെയും സ്വാബ് ടെസ്റ്റ് ഫലം വരുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് യോഗത്തില്‍ സംസാരിച്ച എ എം ആരിഫ് എം പി ചൂണ്ടിക്കാട്ടി. റവന്യൂ, പോലിസ് വകുപ്പുകളുടെ ഏകോപനം കൂടുതല്‍ ആവശ്യമാണ്. രോഗപ്പകര്‍ച്ച കൂടുതലുള്ള പ്രദേശങ്ങളില്‍ ഉള്ള ആളുകളുടെ സ്രവം എടുത്തു വേഗത്തില്‍ റിസള്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് ആവശ്യങ്ങള്‍ പരിഗണിച്ച് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിന് നല്‍കിയിട്ടുള്ള ശുപാര്‍ശയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ വേണമെന്ന് ആര്‍ രാജേഷ് എംഎല്‍എ പറഞ്ഞു. മറ്റ് രോഗങ്ങള്‍ക്ക് ചികില്‍സ തേടുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചേര്‍ത്തല ആശുപത്രി പൂട്ടിയ സാഹചര്യത്തില്‍ മറ്റ് രോഗികള്‍ക്കുള്ള ചികില്‍സയ്ക്കും കോവിഡ് ടെസ്റ്റിനും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ പറഞ്ഞു. തീരപ്രദേശങ്ങളിലും ലോക്ഡൗണ്‍ മൂലവും ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് അല്ലെങ്കില്‍ സൗജന്യറേഷന്‍ ലഭ്യമാക്കുന്നതിന് വേഗത്തില്‍ നടപടി എടുക്കണമെന്ന് യു പ്രതിഭ എം എല്‍ എ പറഞ്ഞു. ടെസ്റ്റ് റിസള്‍ട്ട് വൈകുന്നതും എംഎല്‍എ ചൂണ്ടിക്കാട്ടി. ലോക് ഡൗണും കര്‍ശനമായ നിയന്ത്രണങ്ങളും കൊണ്ടുവന്നാല്‍ മാത്രമേ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂവെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. പി എച് സികളില്‍ കൊവിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം വേണം. മാര്‍ക്കറ്റുകളില്‍ ഇപ്പോഴും നിയന്ത്രണമില്ലാത്ത അവസ്ഥയുണ്ടെന്ന് സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ നടത്തുന്നതിനും കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അധിക ഫണ്ട് പഞ്ചായത്തുകള്‍ക്ക് ഉടന്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ സൂചനയെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ മറുപടി പറഞ്ഞു. സ്രവം എടുക്കുന്നതിന്റെയും പരിശോധനയുടെയും എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പരിശോധനാഫലം വൈകുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിനും വേഗത്തില്‍ ലഭ്യമാക്കുന്നതിനും പ്രത്യേക സംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ഈ ടീം മെഡിക്കല്‍ കോളജിലെ ലാബ് സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കും. പരിശോധനാ ഫലത്തിനുള്ള കാത്തിരിപ്പ് 48 മണിക്കൂര്‍ ആക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ക്കായി കലക്ടറേറ്റിലും മൂന്നുപേരെ നിയോഗിച്ചിട്ടുണ്ട്. അഞ്ചു കിലോ റേഷന്‍ കൊടുക്കുന്നതിനുള്ള ഉത്തരവുകള്‍ ജില്ല സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ചിട്ടുള്ളതായും കലക്ടര്‍ പറഞ്ഞു. സ്രവം എടുക്കാനായി മൂന്നു മൊബൈല്‍ വാനുകള്‍ ലഭ്യമാക്കുന്നതിന് ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കെഎസ്എഫ്ഇ വഴി നടപടികള്‍ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ ഒരു കെട്ടിടം പൂര്‍ണമായി ആണ് കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത്. മറ്റു കെട്ടിടങ്ങളോ മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു തടസ്സവും ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കും. മാര്‍ക്കറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നിലവില്‍ കൊവിഡ് പ്രവര്‍ത്തിക്കുന്നുണ്ട്. അത് ശക്തമാക്കും. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് അധ്യാപകരെയും ഒരു വാര്‍ഡിന് ഒരു ടീച്ചര്‍ എന്ന നിലയിലും ഒരു സി എച്ച് സി യിലേക്ക് ഒരു ആംബുലന്‍സ് അധികമായും നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി കലക്ടര്‍ പറഞ്ഞു. ചേര്‍ത്തല താലൂക്ക് ആശുപത്രി അടച്ചെങ്കിലും സ്രവം എടുക്കുന്നതിനും മറ്റുും വേറെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിന്റ്് ജി വേണുഗോപാല്‍, സ്‌പെഷ്യല്‍ ഓഫിസര്‍ തേജ് ലോഹിത് റെഡ്ഡി, ധനമന്ത്രിയുടെ പ്രതിനിധി കെ ഡി മഹീന്ദ്രന്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആശാ സി എബ്രഹാം എന്നിവരും പങ്കെടുത്തു. 

Tags:    

Similar News