ആലപ്പുഴയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന;അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം അപകടകരമായ നിലയില്‍ വര്‍ധിക്കാനിടയുണ്ടാകും. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ കണക്ക് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.ജില്ലയിലെ കൊവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്
ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കാനും മരണനിരക്ക് കൂടാനുമിടയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം അപകടകരമായ നിലയില്‍ വര്‍ധിക്കാനിടയുണ്ടാകും. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ കണക്ക് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഏപ്രില്‍ രണ്ടിന് 75 ഉം ഏപ്രില്‍ മൂന്നിന് 81 ഉം, നാലിന് 99 ഉം അഞ്ചിന് 110 ഉം, ആറിന് 165 ഉം, ഏഴിന് 157 ഉം, എട്ടിന് 241 ഉം ആണ് ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം. ജില്ലയിലെ കൊവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്.
അതുകൊണ്ട് മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ധരിക്കുക, മറ്റുള്ളവരില്‍ നിന്നും അകലമുറപ്പാക്കുക, കൈകള്‍ അണുവിമുക്തമാക്കുക എന്നീ പ്രതിരോധ ശീലങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 'കൊവിഡ് വന്ന് പോകും' എന്ന ചിന്ത അങ്ങേയറ്റം അപകടകരമാണ്. വൈറസ് ഓരോരുത്തരിലുമുണ്ടാക്കുന്ന രോഗ തീവ്രത മുന്‍കൂട്ടി പറയാനാവില്ല. പ്രായമുള്ളവരിലും മറ്റ് രോഗങ്ങളുള്ളവരിലും കൊവിഡ് മാരകമായേക്കാം. മാത്രമല്ല കൊവിഡ് രോഗം ഭേദമായവരില്‍ വിവിധ അവയവ വ്യവസ്ഥകളെ ഗുരുതരമായി ബാധിക്കുന്ന കൊവിഡാനന്തര രോഗങ്ങളും കണ്ടുവരുന്നു. അതുകൊണ്ട് രോഗം പിടിപെടാതെ സൂക്ഷിക്കുന്നത് അവനവനോട് കാണിക്കുന്ന ഏറ്റവും വലിയ കരുതലാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിലൂടെ കുടുംബത്തിന്റെ സുരക്ഷയും സന്തോഷവുമാണ് സംരക്ഷിക്കുന്നത്. അതുകൊണ്ട് ആളുകൂടാനിടയുള്ള സാഹചര്യങ്ങളില്‍ സ്വയം ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിക്കുക. മാസ്‌ക് സുരക്ഷിതമായി ധരിക്കുക. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ കൃത്യസമയത്ത് രണ്ടാമത്തെ ഡോസും സ്വീകരിക്കുക. കൊവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് എടുക്കേണ്ടതാണ്.
കൊവാക്സിന്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ വാക്സിനെടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. 45 വയസ്സ് കഴിഞ്ഞവര്‍ ഏറ്റവുമടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കുക. വാക്സിനെടുത്താലും മാസ്‌ക് ധരിക്കുക തുടങ്ങി പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായും പാലിക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും ഉദ്യോഗസ്ഥരും കോവിഡ് ടെസ്റ്റ് നടത്തി രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.