കൊവിഡ്: ആലപ്പുഴയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുതന്നെ: അടിയന്തിര നടപടികളുമായി ജില്ല ഭരണകൂടവും

രോഗ വ്യാപനം കൂടിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മുതല്‍ 5 വരെ പ്രവര്‍ത്തിച്ചിരുന്ന നഗരസഭയുടെ കൊവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഇന്ന് മുതല്‍ 24 മണിക്കൂര്‍ ആക്കാന്‍ തീരുമാനമായി

Update: 2021-04-26 12:18 GMT

ആലപ്പുഴ : ആലപ്പുഴ നഗരസഭ പരിധിയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി നഗരസഭയും ജില്ല ഭരണകൂടവും. കഴിഞ്ഞ ശനിയാഴ്ച നഗരസഭാ പരിധിയില്‍ 1372 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 287 പോസിറ്റീവ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 20. 92 % ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 26ാംതിയതി 801 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 163 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് 20.35 ശതമാനമാണ്. ചെങ്ങന്നൂര്‍ നഗരസഭയില്‍ 15.15 % ആണ് ശനിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ മറ്റു നഗരസഭകളെ അപേക്ഷിച്ചു കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നത് പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാരണമാകുന്നുണ്ട്.

രോഗ വ്യാപനം കൂടിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മുതല്‍ 5 വരെ പ്രവര്‍ത്തിച്ചിരുന്ന നഗരസഭയുടെ കൊവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഇന്ന് മുതല്‍ 24 മണിക്കൂര്‍ ആക്കാന്‍ തീരുമാനമായി. വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ കോര്‍ഡിനേറ്റര്‍മാരുടെ ഏകോപനത്തോടെ അതാത് ദിവസം വൈകിട്ട് തരുന്ന റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. കൂടാതെ ടെലി മെഡിസിന്‍ സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുമായി സംസാരിക്കേണ്ട സാഹചര്യങ്ങളില്‍ അതിനുള്ള സൗകര്യവും ഒരുക്കി നല്‍കും. കൊവിഡ് രോഗികള്‍ക്ക് മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താല്‍ മരുന്നുകള്‍ അതത് സ്ഥലങ്ങളില്‍ വീടുകളില്‍ എത്തിച്ചു നല്‍കും.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ജില്ല കലക്ടര്‍ നിയോഗിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കു പുറമേ രണ്ട് സംഘം സ്‌ക്വാഡുകളെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. റമദാന്‍ വ്രതാനുഷ്ഠാനങ്ങള്‍ നടക്കുന്ന പള്ളികളില്‍ കൂടുതല്‍ നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പള്ളികളില്‍ ഇരുന്നുള്ള നോമ്പ് തുറ അവസാനിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. നഗരസഭ പരിധിയില്‍ രണ്ട് സി എഫ് എല്‍ ടി സി കളാണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ജനറല്‍ ആശുപത്രിയെ 75 കിടക്കകള്‍ ഉള്ള ഐസിയു സംവിധാനമുള്ള കൊവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ നേതൃത്വത്തില്‍ കൂടിയ ദുരന്ത നിവാരണ അതോറിട്ടി യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു.

Tags:    

Similar News