കൊവിഡ്: ആലപ്പുഴ ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി ഉയര്‍ന്നു; നിയന്ത്രണങ്ങള്‍ ശക്തമാക്കും
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായവര്‍ക്കു വേണ്ടി വ്യാഴാഴ്ച ആരംഭിച്ച ആര്‍ട്ടി -പി സി ആര്‍ ടെസ്റ്റ് തുടരുകയാണ്. ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക പട്ടിക തയ്യാറാക്കിയാണ് പരിശോധന നടത്തുന്നത്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ നാലു ശതമാനമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായവര്‍ക്കു വേണ്ടി വ്യാഴാഴ്ച ആരംഭിച്ച ആര്‍ട്ടി -പി സി ആര്‍ ടെസ്റ്റ് തുടരുകയാണ്. ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക പട്ടിക തയ്യാറാക്കിയാണ് പരിശോധന നടത്തുന്നത്.തോട്ടപ്പള്ളി മേഖലയില്‍ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച 94 പേരില്‍ 56 പേര്‍ മാത്രമാണ് ഇന്നലെ തോട്ടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലഭിച്ചിട്ടുള്ളവര്‍ എല്ലാവരും വരും ദിവസങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
ഇന്ന് ചേര്‍ത്തല മണ്ഡലത്തിലുള്ളവര്‍ക്കായി ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും, ആലപ്പുഴ മണ്ഡലത്തിലുള്ളവര്‍ക്കായി ജനറല്‍ ആശുപത്രിയിലും ഹരിപ്പാട് മണ്ഡലത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും കായംകുളം മണ്ഡലത്തില്‍ ഉള്ളവര്‍ക്ക് കായംകുളം താലൂക്ക് ആശുപത്രിയിലും ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉള്ളവര്‍ക്കായി ജില്ല ആശുപത്രിയിലും ആര്‍ ടി പിസിആര്‍ ടെസ്റ്റ് നടത്തും. അറിയിപ്പ് ലഭിച്ചവര്‍ അതത് ആശുപത്രികളില്‍ പരിശോധനയ്ക്കായി എത്തണം. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് പരിശോധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും പരിശോധനകള്‍ ശക്തമാക്കാനും ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലിസ്- സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ യോഗത്തില്‍ തീരുമാനിച്ചു.
നിയന്ത്രണങ്ങള്‍ ശക്തമാക്കാനായി 42 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെക്കൂടി നിയോഗിച്ചു. ജില്ലയില്‍ 84 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയാണ് നിയോഗിച്ചിട്ടുള്ളത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസിനും നിര്‍ദേശം നല്‍കി. ഉത്സവമേഖലകളില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ 18 സെക്ടറല്‍ ഓഫീസര്‍മാരെ പ്രത്യേകമായി നിയോഗിച്ചു. ഉത്സവമേഖലകളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംഘാടകരും ഉറപ്പാക്കണം.പൊതുജനങ്ങള്‍ കൊവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ല കലക്ടര്‍ അറിയിച്ചു. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.