ശ്വാസം കിട്ടാതെ പിടഞ്ഞ രോഗിക്ക് രക്ഷകരായി സന്നദ്ധ പ്രവര്‍ത്തകര്‍; അശ്വിനും രേഖയ്ക്കും അഭിനന്ദന പ്രവാഹം
അശ്വിന്റെയും രേഖയുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കൊവിഡ് പോസിറ്റീവായി ചികില്‍സയിലായിരുന്ന രോഗിക്ക് രക്ഷയായത്.ശ്വാസം കിട്ടാതെ പിടഞ്ഞ രോഗിയെ തങ്ങളുടെ സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് ഇരുവരും ബൈക്കില്‍ സമീപത്തു തന്നെയുള്ള സഹകരണ ആശുപത്രിയില്‍ എത്തച്ചത്
ആലപ്പുഴ: ആലപ്പുഴ പുന്നപ്ര വടക്കു പഞ്ചായത്തിലെ കൊവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററില്‍ ചികില്‍സയിലായിലിരിക്കെ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയക്ക് രക്ഷകരായാത് സന്നദ്ധപ്രവര്‍ത്തകരായ അശ്വിനും രേഖയും. ഇവരുടെ സമയോചിതമായ ഇടപെടലും ധൈര്യവുമാണ് കൊവിഡ് പോസിറ്റീവായി ചികില്‍സയിലായിരുന്ന രോഗിക്ക് രക്ഷയായത്.ശ്വാസം കിട്ടാതെ പിടഞ്ഞ രോഗിയെ തങ്ങളുടെ സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് ഇരുവരും ബൈക്കില്‍ സമീപത്തു തന്നെയുള്ള സഹകരണ ആശുപത്രിയില്‍ എത്തച്ചത്.ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.
തങ്ങള്‍ ഡൊമിസിലയറി കെയര്‍ സെന്ററില്‍ ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവമെന്ന് അശ്വന്‍ പറഞ്ഞു.ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരാള്‍ പെട്ടന്ന് തങ്ങള്‍ക്ക് സമീപമെത്തി മുകളിലത്തെ നിലയിലുള്ള ഒരു രോഗി വളരെ ഗുരുതരാവസ്ഥയിലാണെന്നും ശ്വാസം കിട്ടാതെ പിടയുകയാണെന്നും പെട്ടന്ന് എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞത്.പെട്ടന്ന് തന്നെ തങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തെത്തി നോക്കിയപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമായിട്ടാണ് തോന്നിയത്.ഇദ്ദേഹത്തെ താഴെയെത്തിക്കാന്‍ കൂടെയുണ്ടായിരുന്നവരോട് സഹായിക്കാന്‍ പറഞ്ഞു.തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഒരാളുടെ കൂടെ സഹായത്താല്‍ തങ്ങള്‍ അദ്ദേഹത്തെ താഴെയെത്തിച്ചു.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ഈ സമയം മറ്റു രോഗികളെയുമായി ആംബുലന്‍സ് ഓട്ടത്തിലായിരുന്നതിനാല്‍ എത്താന്‍ പത്തു മിനിറ്റ് താമസമുണ്ടാകുമെന്ന് അറിയിച്ചു.
എന്നാല്‍ ഇനിയും താമസിച്ചാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പറ്റില്ലെന്ന് ബോധ്യമായതോടെയാണ് കിട്ടുന്ന വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. അപ്പോള്‍ ബൈക്ക് മാത്രമാണ് കിട്ടിയത്. ജീവന്‍ രക്ഷിക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ബൈക്കില്‍ കയറ്റി തങ്ങളുടെ മധ്യത്തില്‍ ഇരുത്തി ഉടന്‍ തൊട്ടടുത്ത സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ താഴ്ന്ന നിലയിലായിരുന്നു. സമയത്ത് എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.തുടര്‍ന്ന് അവിടെ പ്രാഥമിക ചികില്‍സ നല്‍കിയതിനു ശേഷം അദ്ദേഹത്തെ ആംബുലന്‍സില്‍ ആലപ്പുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും അശ്വിന്‍ പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിച്ച ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലടക്കം അഭിനന്ദന പ്രവാഹമാണ്.