കൊവിഡ് ബാധിച്ച് യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ മരിച്ചു
രണ്ടാഴ്ച്ചയായി ആലുവ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാദുഷ രോഗമുക്തി നേടിയതോടെ ഡിസ് ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരിച്ചു
കൊച്ചി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനും ആലുവ തോട്ടുംമുഖം കല്ലുങ്കല്‍ വീട്ടില്‍ പരേതനായ ഹംസയുടെ മകനുമായ ഇബ്രാഹിം ബാദുഷ (38) അന്തരിച്ചു.രണ്ടാഴ്ച്ചയായി ആലുവ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാദുഷ രോഗമുക്തി നേടിയതോടെ ഡിസ് ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരിച്ചു.സഫീനയാണ് ഭാര്യ.മുഹമ്മദ് ഫനാന്‍,ആയിഷ,അമാന്‍ എന്നിവര്‍ മക്കളാണ്.ഖബറടക്കം നടത്തി.
ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വണ്‍ മിനിറ്റ് കാരിക്കേച്ചറിലൂടെ 'കാര്‍ട്ടൂണ്‍ മാന്‍ ' എന്ന് അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ബാദുഷ. മാളുകളിലും സ്‌കൂളുകളിലും കോളജുകളിലുമുള്‍പ്പെടെ തത്സമയ കാരിക്കേച്ചറുകള്‍ സൃഷ്ടിച്ച് ശ്രദ്ദേയനായിരുന്നു.പ്രശസ്ത വ്യക്തിത്വങ്ങളെ തന്റെ കാര്‍ട്ടൂണ്‍ ഭാവനയില്‍ പകര്‍ത്തിയിരുന്ന ബാദുഷ സാധാരണക്കാരെയും വരച്ചുകാട്ടാന്‍ മടിച്ചിരുന്നില്ല.സാമൂഹ്യനന്മ ലക്ഷ്യമാക്കി ബാദുഷ നിരവധി കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്.
ലഹരിക്കെതിരെ എക്‌സൈസ് വകുപ്പുമായും ഗതാഗത നിയമങ്ങള്‍ ബോധവത്ക്കരിച്ച് മോട്ടോര്‍ വാഹന വകുപ്പുമായും ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രളയാനന്തരം ആലുവ റെയില്‍വേ സ്റ്റേഷനില്‍ തല്‍സമയ കാരിക്കേച്ചര്‍ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും മാതൃകയായി.കൊവിഡ് പ്രതിരോധ കാര്‍ട്ടൂണുകള്‍ വരച്ച് ബാദുഷ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു