കൊവിഡ്: വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാല്‍ കേസെടുക്കും
രോഗപ്രതിരോധ നടപടികളുടെ ഭാഗമായ ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവര്‍ക്ക് രോഗബാധയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.
കോട്ടയം: കൊവിഡ്-19 മായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു. രോഗവ്യാപനപഠനത്തിന്റെ ഭാഗമായി രോഗലക്ഷണങ്ങളില്ലാത്തവരുടെയും സാംപിളുകള്‍ ശേഖരിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ദേശിക്കുന്നുമുണ്ട്.
രോഗപ്രതിരോധ നടപടികളുടെ ഭാഗമായ ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവര്‍ക്ക് രോഗബാധയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. രോഗം സ്ഥിരീകരിച്ചവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും മാധ്യമങ്ങള്‍ മുഖേനയും നല്‍കുന്നുണ്ട്. വ്യാജപ്രചാരണങ്ങള്‍ക്കെതിരേ സര്‍ക്കാരിന്റെ ആന്റി ഫേക്ക് ന്യൂസ് ഡിവിഷനും പോലിസ് സൈബര്‍ സെല്ലും ജാഗ്രതപുലര്‍ത്തുന്നുണ്ട്.
നാട്ടില്‍ രോഗഭീതി പരത്തുകയും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മാനസിക സമ്മര്‍ദമുണ്ടാക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണനിയമം, ഐടി ആക്ട് തുടങ്ങിയവ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.