കൊവിഡ്: എറണാകുളത്തെ വിവിധ പ്രദേശങ്ങളിലെ അധിക നിയന്ത്രണങ്ങളില്‍ മാറ്റം; നാലു പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍
രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഉദയംപേരൂര്‍, കിഴക്കമ്പലം, പള്ളിപ്പുറം, കോട്ടപ്പടി പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചു. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഉദയംപേരൂര്‍, കിഴക്കമ്പലം, പള്ളിപ്പുറം, കോട്ടപ്പടി പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
ചേന്ദമംഗലം പഞ്ചായത്തില്‍ 6, 8, 11 വാര്‍ഡുകള്‍ മാത്രമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുക. തൃക്കാക്കര നഗരസഭയില്‍ 11, 17 ഡിവിഷനുകളിലും 35 -ാം ഡിവിഷനിലെ രാജീവ് നഗര്‍, ഒന്‍പതാം ഡിവിഷനിലെ എടച്ചിറ പിഎംകെ ലേബര്‍ ക്യാംപ് എന്നിവിടങ്ങളില്‍ മാത്രമായിരിക്കും അധിക നിയന്ത്രണങ്ങള്‍. പെരുമ്പാവൂര്‍ നഗരസഭയില്‍ 17ാം ഡിവിഷനിലെ അനുഗ്രഹ അപ്പാര്‍ട്ട്‌മെന്റ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
ജില്ലയിലെ കോവിഡ് വ്യാപന നിരക്ക് കുറയുന്നതായും രോഗമുക്തി നിരക്ക് 90 ശതമാനമായതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞു. തീരദേശ പഞ്ചായത്തുകള്‍, കളമശ്ശേരി, തൃക്കാക്കര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ കൂടുതല്‍ രോഗബാധ ഉണ്ടാകുന്നത്. ഒരാഴ്ചക്കുള്ളില്‍ ജില്ലയിലെ അധിക നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വിഭാഗം വിലയിരുത്തി.