കൊവിഡ് ബാധിച്ച് മരിച്ച ക്രൈസ്തവരുടെ മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നടത്തുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചു: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
വൈറസ് വ്യാപനഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം..കൊവിഡ് വൈറസ് ബാധമൂലം മരണമടഞ്ഞവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഭയവും അതില്‍ നിന്നുവരുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റവും തികച്ചും വേദനാജനകമാണ്. ഇത്തരം മരണ സാഹചര്യങ്ങളില്‍ ഭീതിപൂണ്ടു സമരങ്ങളിലേയ്ക്കും രാഷ്ട്രീയ മുതലെടുപ്പിലേയ്ക്കും നീങ്ങുന്നത് ഒട്ടും ആശാസ്യമല്ലെന്നും കര്‍ജദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു
കൊച്ചി: കൊവിഡ് ബാധമൂലം മരണമടഞ്ഞ ക്രൈസ്തവരുടെ മൃതസംസ്‌കാരകര്‍മ്മങ്ങള്‍ ക്രൈസ്തവവിധി പ്രകാരം നടത്തുന്നതില്‍ ചില വീഴ്ചകള്‍ സംഭവിച്ചതായി സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.ഇനിയും അത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ സഭാശുശ്രൂഷകരും വിശ്വാസികളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.മനുഷ്യസമൂഹം നേരിട്ടിട്ടുള്ള ഭീകരമായ പകര്‍ച്ചവ്യാധികളിലൊന്നായി കൊവിഡ് വൈറസ്ബാധ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വൈറസ് വ്യാപനഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
രോഗവ്യാപനത്തിന്റെ ക്ഷിപ്രതയും രോഗത്തെ ചെറുക്കാന്‍ പര്യാപ്തമായ വാക്‌സിന്റെ അഭാവവും ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഗുരുതരമായ ഈ സാഹചര്യത്തെ നേരിടുവാന്‍ സാഹോദര്യത്തിലും പരസ്പരമുള്ള കരുതലിലും എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണം.കൊവിഡ് വൈറസ് ബാധമൂലം മരണമടഞ്ഞവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഭയവും അതില്‍ നിന്നുവരുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റവും തികച്ചും വേദനാജനകമാണ്. കൊവിഡ് ബാധിച്ചു മരണമടയുന്ന വ്യക്തികള്‍ അര്‍ഹിക്കുന്ന ബഹുമാനവും മാനുഷികമായ അംഗീകാരവും നിഷേധിക്കപ്പെടുന്നത് ഒരു പരിഷ്‌കൃതസമൂഹത്തിനു ന്യായികരിക്കാവുന്നതല്ല.
ഇത്തരം മരണ സാഹചര്യങ്ങളില്‍ ഭീതിപൂണ്ടു സമരങ്ങളിലേയ്ക്കും രാഷ്ട്രീയ മുതലെടുപ്പിലേയ്ക്കും നീങ്ങുന്നത് ഒട്ടും ആശാസ്യമല്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.രോഗബാധയില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും ചിന്തിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും രോഗം വരാതിരിക്കാനുള്ള കരുതല്‍ എല്ലാവര്‍ക്കും ഉണ്ടാകേണ്ടതാണ്. ഇക്കാര്യത്തില്‍ വ്യക്തികളും, കുടുംബങ്ങളും ജോലിക്കൂട്ടായ്മകളുമൊക്കെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഈ മഹാമാരിയില്‍ നിന്നു നമ്മുടെ സമൂഹം മുക്തി നേടുകയുള്ളു. അതിനാല്‍ അനാവശ്യമായ ഭയത്തിനടിമകളാകാതെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടു ജീവിക്കുവാന്‍ പരിശീലിക്കേണ്ടിരിക്കുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.