കൊവിഡ് സമൂഹവ്യാപന ആശങ്ക; തലസ്ഥാനത്തെ പാളയം, ചാല മാര്‍ക്കറ്റുകളില്‍ 50 ശതമാനം കടകള്‍ മാത്രം തുറക്കും, പുതുതായി അഞ്ച് ക്വാറന്റൈന്‍ സെന്ററുകള്‍

ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശത്തും നിരീക്ഷണം ശക്തമാക്കും. തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്തി ക്രമീകരണങ്ങള്‍ സംബന്ധിച്ച തീരുമാനം അറിയിക്കും.

Update: 2020-06-22 14:56 GMT

തിരുവനന്തപുരം: സമൂഹവ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നഗരപരിധിയില്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി നഗരസഭയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. നഗരസഭാ പരിധിയിലെ പാളയം, ചാല തുടങ്ങി മാര്‍ക്കറ്റുകളിലും ആളുകള്‍ കൂടുതലായി വന്നുപോവുന്ന പ്രധാന വ്യാപാരകേന്ദ്രങ്ങളിലും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് 50 ശതമാനമായി കുറയ്ക്കാന്‍ യോഗം തീരുമാനിച്ചു.

തീരുമാനത്തിന്റെ ഭാഗമായി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഈ കേന്ദ്രങ്ങളിലെ കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇവിടങ്ങളില്‍ പോലിസിന്റെ സഹായത്തോടെ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നഗരത്തിലെ മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും തീരുമാനം ബാധകമാണ്. ബ്രേക്ക് ദ ചെയിന്‍ ക്യാംപയിന്റെ ഭാഗമായി എല്ലാ കടകളിലും കൈകഴുകല്‍ കേന്ദ്രവും സാനിറ്റൈസറും നിര്‍ബന്ധമായും ക്രമീകരിക്കണം. ശാരീരിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ കടകള്‍ അടച്ചുപൂട്ടുകയും താല്‍ക്കാലികമായി ലൈസന്‍സ് റദ്ദുചെയ്യുന്ന നടപടികളുണ്ടാവും.

തീരുമാനങ്ങളുടെ ഭാഗമായി അടിയന്തരമായി ചാല, പാളയം എന്നീ മാര്‍ക്കറ്റുകളിലെ വ്യാപാരി വ്യവസായികളുടെ യോഗം നഗരസഭയില്‍ ചേരും. ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശത്തും നിരീക്ഷണം ശക്തമാക്കും. തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്തി ക്രമീകരണങ്ങള്‍ സംബന്ധിച്ച തീരുമാനം അറിയിക്കും. ഉയര്‍ന്ന രോഗനിരക്കുള്ള തമിഴ്‌നാട്ടിലുള്‍പ്പെടെ മല്‍സ്യബന്ധനത്തിനായി തൊഴിലാളികള്‍ പോവുന്ന തീരദേശമേഖലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. നഗരസഭയില്‍ നിലവിലുള്ള 31 ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറൈന്റന്‍ സെന്ററുകള്‍ക്ക് പുറമേ തീരദേശമേഖലയായ വിഴിഞ്ഞം, പൂന്തുറ, ശംഖുമുഖം, ആറ്റിപ്ര, കഴക്കൂട്ടം എന്നീ ഹെല്‍ത്ത് സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് പുതുതായി അഞ്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറൈന്റന്‍ സെന്ററുകള്‍കൂടി നഗരസഭ ആരംഭിക്കും.

പ്രവാസികളുടെ ഹോം കേന്ദ്രീകരിച്ച് ക്വാറൈന്റന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരദേശങ്ങള്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലാണ് പുതിയ തീരുമാനം. വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തി നിരീക്ഷണത്തിന്റെ ഭാഗമായുള്ള വളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ ധാരണയായി. കൊവിഡ് സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങള്‍ ഏറെ വന്നുപോവുന്ന കേന്ദ്രമെന്ന് നിലയില്‍ നഗരസഭ ഓഫിസിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഓഫിസിലേക്ക് വിവിധ പരാതികളും ആവശ്യങ്ങള്‍ക്കുമായി വരുന്നവരില്‍നിന്ന് ഓഫിസിനു പുറത്ത് പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തി.

പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന രീതിയിലാണ് ക്രമീകരണം വരുന്നത്. ഇതിനു പുറമേ മേയറുടെ പരാതിപരിഹാരസെല്ലിന്റെ ഭാഗമായി ഓണ്‍ലൈനായി complaints.tmc@gmail.com എന്ന ഇ- മെയിലിലേക്കും smarttvm.corporationoftrivandrum.in എന്ന വെബ്‌സൈറ്റിലേക്കോ 8590036770 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്കോ പരാതികളും ഡോക്യുമെന്റായി അപേക്ഷകളും സമര്‍പ്പിക്കാം. ജില്ലാ കലക്ടര്‍ നവജ്യോത്‌ഖോസ, ഡിസിപി ഡോ. ദിവ്യ വി ഗോപിനാഥ്, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, ഡിഎംഒ പി പി പ്രീത, നഗരസഭാ കക്ഷിനേതാക്കള്‍, സെക്രട്ടറി എല്‍ എസ് ദീപ, ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags:    

Similar News