മലക്കം മറിഞ്ഞ് സർക്കാർ; സ്പ്രിംഗ്ളര്‍ വഴിയുള്ള കോവിഡ് വിവരശേഖരണം ഒഴിവാക്കി
കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ഇനി സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും അപ്ലോഡ് ചെയ്യേണ്ട.
തിരുവനന്തപുരം: പിആർ കമ്പനി വഴിയുള്ള കൊവിഡ് വിവരശേഖരണം വിവാദമായതോടെ മലക്കംമറിഞ്ഞ് സര്‍ക്കാര്‍. അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍ വഴിയുള്ള കോവിഡ് വിവരശേഖരം സർക്കാർ അവസാനിപ്പിച്ചു. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ഇനി സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. സ്പ്രിംഗ്ലര്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും അപ്ലോഡ് ചെയ്യേണ്ട. തദ്ദേശഭരണവകുപ്പാണ് പഞ്ചായത്തുകൾക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കമ്പനിയുടെ സൈറ്റില്‍നിന്ന് ഐടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കിയിട്ടുണ്ട്. സ്പ്രിംഗ്ളര്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.
സര്‍ക്കാര്‍ തലത്തില്‍ ശേഖരിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്റെ ഡാറ്റാ സെന്ററിലേക്ക് എന്തുകൊണ്ട് അപ്ലോഡ് ചെയ്യുന്നില്ല? സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സിഡിറ്റിനോ ഐടി മിഷനോ ചെയ്യാന്‍ കഴിയുന്ന ജോലി അമേരിക്കന്‍ കമ്പനിയെ ഏല്പിച്ചത് എന്തിനാണ്? സ്പ്രിംഗ്ളര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കമ്പ നി മറിച്ചു വില്‍ക്കുകയില്ലെന്ന് എന്ത് ഉറപ്പാണ് മുഖ്യമന്ത്രിക്ക് നല്കാന് കഴിയുക? തുടങ്ങിയ ചോദ്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്.
പ്രതിപക്ഷ നേതാവ് പറയുന്നതു പോലെ സ്പ്രിംഗ്ളര്‍ ഒരു പിആര്‍ കമ്പനിയല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നമ്മള്‍ ആ കമ്പനിയുടെ സോഫ്റ്റ് വെയറിനോ സേവനത്തിനോ പണം നൽകുന്നില്ല. നമ്മളുടെ നാട് വലിയൊരു ഭീഷണി നേരിടുകയാണ്. അതിനെ എങ്ങനെയൊക്കെ നേരിടുമെന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. അക്കാര്യത്തില്‍ പ്രവാസികളായ മലയാളികള്‍ സഹായിക്കുന്നുണ്ട്. അങ്ങനെയൊരു സഹായമാണ് ഈ കമ്പനി നമുക്ക് ചെയ്തു തരുന്നത്. അതിന്റെ സ്ഥാപകന്‍ ഒരു മലയാളിയാണ്. സ്പ്രിംഗ്ളർ സോഫ്റ്റ് വെയര്‍ ദാതാക്കളാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി വകുപ്പിന്റെ ഒരു സോഫ്റ്റ് വെയര്‍ ദാതാക്കള്‍ കൂടിയാണ് ഈ കമ്പനി. ഈ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ കേരള ആരോഗ്യ രംഗത്തെ സ്പ്രിംഗ്ളര്‍ വിറ്റ് കാശാക്കുന്നുവെന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എയും ഇന്ന് ആരോപിച്ചു. അതിന്റെ അംബാസിഡറായി ഐടി സെക്രട്ടറി മാറുന്നു. കരാർ പുറത്തു വിടണമെന്നും ശബരിനാഥന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണം സജീവമായിരിക്കെയാണ് വിവര ശേഖരണം നിര്‍ത്തിയത്.