കൊവിഡ് ബാധിച്ച് മാഹി സ്വദേശിയുടെ മരണം; ഉറവിടം കണ്ടെത്താന്‍ പ്രത്യേകസംഘം

അസിസ്റ്റന്റ് കലക്ടര്‍ ഡോ.ഹാരീസ് റഷീദ്, തലശ്ശേരി സബ് കലക്ടര്‍ അസീസ് കെ യൂസഫ്, കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍, കണ്ണൂര്‍ ഡിഎംഒ എന്നിവരാണ് സംഘത്തിലുള്ളത്.

Update: 2020-04-13 09:21 GMT

കണ്ണൂര്‍: കൊവിഡിനെത്തുടര്‍ന്ന് മരിച്ച മാഹി ചെറുകല്ലായി സ്വദേശിയ്ക്ക് വൈറസ് ബാധയേറ്റതിന്റെ ഉറവിടം കണ്ടെത്താന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മാഹി ചെറുകല്ലായി ടെലിഫോണ്‍ ഭവന് സമീപം അല്‍മനാര്‍സിലെ മെഹ്റൂഫ് (71) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇയാള്‍ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടര്‍ന്നാണ് ഉറവിടം കണ്ടെത്താന്‍ പ്രത്യേകസംഘം രൂപീകരിച്ചത്. അസിസ്റ്റന്റ് കലക്ടര്‍ ഡോ.ഹാരീസ് റഷീദ്, തലശ്ശേരി സബ് കലക്ടര്‍ അസീസ് കെ യൂസഫ്, കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍, കണ്ണൂര്‍ ഡിഎംഒ എന്നിവരാണ് സംഘത്തിലുള്ളത്.

പ്രത്യേക അന്വേഷണസംഘം മെഹ്റൂഫ് ചികില്‍സയിലായിരുന്ന കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. മെഹ്‌റൂഫിനെ പരിചരിച്ചവരുടെ വിവരങ്ങളും ശേഖരിച്ചു. നേരത്തെ വൃക്കരോഗം, ഹൃദ്യോഗം എന്നിവയ്ക്കായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന മഹ്റൂഫിന് കോണിപ്പടി കയറുന്നതിനിടെ നെഞ്ചുവേദന വന്നതിനെ തുടര്‍ന്നാണ് മാര്‍ച്ച് 30ന് തലശ്ശേരിയിലെ സ്വകാര്യാശുപത്രിയിലെത്തിയത്. അസുഖം മൂര്‍ച്ഛിച്ചതോടെയാണ് ഏപ്രില്‍ ഒന്നിന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഏപ്രില്‍ നാലിന് വൈറല്‍ ന്യുമോണിയ കണ്ടെത്തിയതോടെ കൊവിഡ് രോഗികള്‍ക്കുള്ള ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സ്രവപരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ഏഴിന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഏപ്രില്‍ 11ന് മരണവും സംഭവിച്ചു.

സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹം രോഗബാധിതനായതെന്ന് തിരിച്ചറിഞ്ഞെങ്കിലും എവിടെനിന്നാണു രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി പള്ളിയിലെ ചടങ്ങുകളിലും ഒരു വിവാഹനിശ്ചയ ചടങ്ങിലും മെഹ്‌റൂഫ് പങ്കെടുത്തിരുന്നു. ന്യൂമാഹി, പന്ന്യന്നൂര്‍, ചൊക്ലി പഞ്ചായത്തുകളിലെ നൂറിലേറെ പേരുമായി ഇദ്ദേഹം സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായും കണ്ടെത്തിയിരുന്നു. എന്നാല്‍, ഇദ്ദേഹവുമായി നേരിട്ടു ബന്ധപ്പെട്ട 26 പേരുടെ സ്രവം പരിശോധിച്ചെങ്കിലും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ ചികില്‍സ തേടിയ തലശ്ശേരിയിലെ ആശുപത്രിയില്‍ മെഹ്‌റൂഫിനെ പരിചരിച്ചവരുടെ സംപിളുകള്‍ നെഗറ്റീവാണ്. കണ്ണൂരിലെ സ്വകാര്യാശുപത്രികളില്‍ മെഹ്റൂഫിനെ പരിചരിച്ചവരുടെ സാംപിളുകളാണ് ഇനി പരിശോധിക്കാനുള്ളത്. ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  

Tags:    

Similar News