പ്രതിരോധ സംവിധാനം വര്‍ധിപ്പിക്കണം; ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല
നാം ലോക്ക്ഡൗണില്‍ ഇളവ് വരുത്തി. ഇത് നല്‍കുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങരുത്.
തിരുവനന്തപുരം: പ്രതിരോധ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് കൊവിഡ് കേസുകളിലെ വര്‍ധന വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇനിയും വരും. എന്നാല്‍ ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ട് പരിഭ്രമിച്ച് നിസ്സഹായവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല. എല്ലാവര്‍ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കും. വരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളും ഉണ്ടാകും. കൂടുതല്‍ പേരെ ആശുപത്രിയില്‍ കിടത്തേണ്ടി വന്നേക്കും. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്റിലേറ്ററടക്കം തയ്യാറാക്കി. ഇത്തരം ഇടപെടലിന് ഇനി മുന്‍തൂക്കം നല്‍കും.
അതേസമയം നാം ലോക്ക്ഡൗണില്‍ ഇളവ് വരുത്തി. ഇത് നല്‍കുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ആരംഭിച്ചത് പല ഭാഗത്തും തിരക്കിന് കാരണമായി. കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്നു. വയോധികര്‍ക്കും കുട്ടികള്‍ക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ് റിവേഴ്‌സ് ക്വാറന്റൈന്‍. അവരെ സുരക്ഷിതരായി വീടുകളില്‍ ഇരുത്തേണ്ടവര്‍ അത് മറക്കരുത്. നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ടതല്ല, സ്വയം ചെയ്യേണ്ടതാണ്. ഇത് മറക്കുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.