കൊവിഡ് പ്രതിരോധം: തൃശൂര്‍ ചേറ്റുവ ഹാര്‍ബര്‍ ആഴ്ചയില്‍ മൂന്നുദിവസം അടച്ചിടും
വലിയ വള്ളങ്ങളെയും ചെറുവഞ്ചികളെയും ഒരുകാരണവശാലും മറ്റു പ്രദേശങ്ങളില്‍ മീന്‍പിടിക്കാന്‍ പോവാന്‍ അനുവദിക്കില്ല. കച്ചവടക്കാരും നിയന്ത്രണങ്ങള്‍ പാലിക്കണം.
തൃശൂര്‍: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേറ്റുവ ഹാര്‍ബര്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായി അടച്ചിടും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എന്‍ ജ്യോതിലാലിന്റെ അധ്യക്ഷതയില്‍ ഹാര്‍ബറില്‍ ചേര്‍ന്ന കൊവിഡ് 19 അവലോകന യോഗത്തിലാണ് തീരുമാനം. വലിയ വള്ളങ്ങളെയും ചെറുവഞ്ചികളെയും ഒരുകാരണവശാലും മറ്റു പ്രദേശങ്ങളില്‍ മീന്‍പിടിക്കാന്‍ പോവാന്‍ അനുവദിക്കില്ല. കച്ചവടക്കാരും നിയന്ത്രണങ്ങള്‍ പാലിക്കണം.
ഇക്കാര്യത്തില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന പൊതുതീരുമാനം യോഗം അംഗീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ശശാങ്കന്‍, സെക്രട്ടറി ഐ പി പീതാംബരന്‍, വാടാനപ്പള്ളി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ കെ രാമചന്ദ്രന്‍, വള്ളം ഉടമ പ്രതിനിധി ഐ ഡി രവീന്ദ്രന്‍, തരക് അസോസിയേഷന്‍ പ്രതിനിധി കെ എ പവിത്രന്‍, യൂനിയന്‍ പ്രതിനിധികളായ അഭിമന്യു, സി എസ് നാരായണന്‍, ടി ആര്‍ ശക്തിധരന്‍, കെ വി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.