ഡല്‍ഹിയില്‍ നിന്ന് സാന്ത്വനത്തിന്റെ പ്രാണവായുവെത്തി: അഭിനന്ദിച്ച് കൃഷിമന്ത്രി
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഡി എം സി ഇന്ത്യ, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍മോദയ എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കി
ആലപ്പുഴ: സംസ്ഥാന സാമൂഹ്യ സുരക്ഷ മിഷനുമായി ചേര്‍ന്ന് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഡി എം സി ഇന്ത്യ, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍മോദയ എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കി. പ്രാണവായു പ്രൊജക്റ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് ഓക്‌സിജന്‍ മെഷിനുകള്‍ എച്ച് സലാം എംഎല്‍എ.യ്ക്ക് കൈമാറി നിര്‍വ്വഹിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രി നല്ല രീതിയിലുള്ള കൊവിഡ് പ്രവര്‍ത്തങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.കൊവിഡ് ബാധിതര്‍ക്ക് സൗജന്യമായി ഉപയോഗിക്കുവാന്‍ നല്‍കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജില്ലയില്‍ അഞ്ചു ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് നല്‍കിയിരിക്കുന്നത്. ഇത് നല്‍കാന്‍ സന്നദ്ധത കാട്ടിയവരെയും ആരോഗ്യ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു.
എച്ച് സലാം എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡി.എം.സി. ഇന്ത്യ കേരള ചീഫ് കോഡിനേറ്ററും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ സുബു റഹ്മാന്‍, ഡിഎംസി. ഇന്ത്യയുടെ ആലപ്പുഴ കോഡിനേറ്റര്‍ രാംദാസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍ വി രാംലാല്‍, മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, സാമൂഹ്യ സുരക്ഷാ മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ നസീം പങ്കെടുത്തു.