കൊവിഡ് : ഡെല്‍റ്റ വകഭേദത്തിന് വ്യാപനശേഷി കൂടുതല്‍; കരുതല്‍ കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്
വാക്സിന്‍ എടുത്തവരിലും ഒരു തവണ രോഗബാധയുണ്ടായി ഭേദമായവരിലും കൊവിഡ് രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.ഒരേ സമയം അഞ്ചു മുതല്‍ 10 പേരിലേക്ക് വരെ രോഗം പകര്‍ത്താനുള്ള വ്യാപനശേഷി വൈറസിനുണ്ടെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ അനിതകുമാരി
ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തില്‍ അപകട സാധ്യത കൂടുതലുളള ഡെല്‍റ്റാ വൈറസിന്റെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നതിനാല്‍ ജനങ്ങള്‍ കരുതല്‍ കൈവിടരുതെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ അനിതകുമാരി പറഞ്ഞു. ഒരേ സമയം അഞ്ചു മുതല്‍ 10 പേരിലേക്ക് വരെ രോഗം പകര്‍ത്താനുള്ള വ്യാപനശേഷി വൈറസിനുണ്ട്.
തീവ്രരോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെറുപ്പക്കാരില്‍ ഗുരുതരമായ രോഗമുണ്ടാക്കുകയും ചെയ്ത ഡെല്‍റ്റ വകഭേദത്തെ കരുതലോടെ നേരിടേണ്ടതിനാല്‍ ജാഗ്രതയോടെ പെരുമാറണം. വാക്സിന്‍ എടുത്തവരിലും ഒരു തവണ രോഗബാധയുണ്ടായി ഭേദമായവരിലും കൊവിഡ് രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ചെറിയ കൂടിച്ചേരലുകള്‍ പോലും പൂര്‍ണമായും ഒഴിവാക്കുക. ലോക്ഡൗണിനെ തുടര്‍ന്ന് ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സാഹചര്യത്തില്‍ ഇളവുകള്‍ ഉണ്ടാകുമ്പോഴും പൊതുഗതാഗത സംവിധാനമുപയോഗിക്കുമ്പോഴും ജോലി സ്ഥലത്തും കരുതല്‍ കൈവിടരുതെന്നും ഡോ. എല്‍ അനിതകുമാരി പറഞ്ഞു
ഓഫിസില്‍ വേണം ശ്രദ്ധ
ഓഫിസില്‍ എത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. സ്വന്തം മേശപ്പുറം, കസേരയുടെ കൈകള്‍ എന്നിവ സാനിറ്റൈസര്‍/അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. മുറിയുടെ ജനലുകളും വാതിലും തുറിന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. കഴിയുന്നത്ര അകലം പാലിച്ചിരിക്കണം. ഫയലുകളും മറ്റു വസ്തുക്കളും കൈമാറ്റം ചെയ്ത ശേഷം കൈകള്‍ അണുവിമുക്തമാക്കുക. വ്യക്തിഗത സാധനങ്ങള്‍ കൈമാറരുത്.
മൂക്കും വായും മൂടു വിധം മാസ്‌ക് ശരിയായി ധരിക്കണം. സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മാസ്‌ക് താഴ്ത്തരുത്.ആഹാരം, കുടിവെളളം എന്നിവ പങ്കിടരുത്. കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കരുത്. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുത്. ഓഫീസില്‍ നിന്നു മടങ്ങും മുന്‍പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. വീട്ടിലെത്തിയാലുടന്‍ വസ്ത്രങ്ങള്‍ കഴുകി കുളിക്കുക. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്, ചികില്‍സ തേടണം
കരുതലോടെ യാത്ര ചെയ്യാം
യാത്രകളില്‍ മാസ്‌ക് മൂക്കും വായും മൂടും വിധം ശരിയായി ധരിക്കുക. വാഹനത്തില്‍ കയറുന്നതിനും ഇറങ്ങുതിനും മുന്‍പ് കൈകള്‍ അണുവിമുക്തമാക്കുക. വായുസഞ്ചാരമുറപ്പാക്കുംവിധം വാഹനത്തിലെ ഷട്ടറുകളോ ഗ്ലാസുകളോ ഉയര്‍ത്തിയോ താഴ്ത്തിയോ വെയ്ക്കണമെന്നും ഡോ. എല്‍ അനിതകുമാരി പറഞ്ഞു.