കൊവിഡ്: ഡ്രൈ റണ്‍ പൂര്‍ത്തിയായി;എറണാകുളം ജില്ലയില്‍ ആദ്യ ഘട്ടം വാക്സിന്‍ സ്വീകരിക്കുക 60,000ത്തോളം പേര്‍
രണ്ടായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞു. ഒരു വാക്സിന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക
കൊച്ചി : കൊവിഡ് പ്രതിരോധത്തിന്ി രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിക്കുമ്പോള്‍ ആദ്യ ഘട്ടം എറണാകുളം ജില്ലയില്‍ വാക്സിന്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 60000 ഓളം പേര്‍. ജില്ലയില്‍ 700 ഓളം കേന്ദ്രങ്ങള്‍ ആണ് അതിനായി ക്രമീകരിച്ചിട്ടുള്ളത്. രണ്ടായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞു. ഒരു വാക്സിന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.
ജില്ലയില്‍ വാക്‌സിന്‍ സംഭരണത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയുടെ വാക്‌സിന്‍ സ്റ്റോര്‍, നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസിയുടെ വാക്‌സിന്‍ സ്റ്റോര്‍, ആലുവ ജില്ലാ ആശുപത്രിയുടെ വാക്‌സിന്‍ സ്റ്റോറ് എന്നിവിടങ്ങളില്‍ ആണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇടപ്പളളി റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറിലും വാക്‌സിന്‍ സംഭരണത്തിനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വാക്‌സിനേഷനാവശ്യമായ കോള്‍ഡ് ചെയിന്‍ സാധനങ്ങള്‍, ഐഎല്‍ആര്‍, വാക്‌സിന്‍ കാരിയറുകള്‍, കോള്‍ഡ് ബോക്‌സ്, ഐസ്പാക്ക് എന്നിവ ലഭ്യമായിട്ടുണ്ട്.
വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയായി. അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം, കളമശ്ശേരി കിന്‍ഡര്‍ ആശുപത്രി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. ജില്ലാ കലക്ടര്‍ എസ് സുഹാസ് കളമശ്ശേരി കിന്‍ഡര്‍ ആശുപത്രിയിലെ ഡ്രൈ റണ്‍ നേരിട്ട് വിലയിരുത്തി.മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നത്. അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്സിന്‍ നല്‍കാനായി തിരഞ്ഞെടുക്കുന്നത്.
വെയ്റ്റിംഗ് ഏരിയ, വാക്സിനേഷന്‍ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികള്‍ ഒരു വാക്സിനേഷന്‍ സൈറ്റില്‍ ഉണ്ടായിരിക്കും. അഞ്ചു ആരോഗ്യ പ്രവര്‍ത്തകരെ ആണ് ഒരു വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിയോഗിക്കുന്നത്.കുത്തിവെയ്പ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കും. വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ ചികില്‍സ ലഭ്യമാകുന്നതിനായി ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും വാക്സിനേഷന്‍ സൈറ്റില്‍ സജ്ജീകരിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളിലെങ്കില്‍ വീട്ടിലേക്ക് തിരികെ അയക്കുകയും, കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടര്‍ന്നും പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.