കൊവിഡ്: എറണകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27 % ; 25 % ന് മുകളിലുള്ള എല്ലാ പഞ്ചായത്തുകളും ഇന്നു മുതല്‍ അടച്ചിടും

കൊവിഡ് വ്യാപനം രൂക്ഷമായ മുനമ്പം പഞ്ചായത്തിലെ ഹാര്‍ബര്‍ അടച്ചിടും.സ്വകാര്യ ആശുപത്രികള്‍ 25% ബെഡുകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വെച്ചിട്ടുണ്ട്. ഇത് 50% ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

Update: 2021-05-05 05:37 GMT

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ 27% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് വ്യാപനം രൂക്ഷമായ മുനമ്പം പഞ്ചായത്തിലെ ഹാര്‍ബര്‍ അടച്ചിടും. മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകള്‍ പൂര്‍ണ്ണമായി അടയ്ക്കും. 25 % ന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പഞ്ചായത്തുകളും ഇന്നു മുതല്‍ അടച്ചിടും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വൃദ്ധസദനങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ഓഡിറ്റും ഫയര്‍ ഓഡിറ്റും പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.

ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച് എല്ലാ ആശുപത്രികളും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് നടത്തുന്നുണ്ട്. പ്ലാന്റില്‍ നിന്ന് സെറ്റിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനള്ള ഇന്റേണല്‍ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ 250 ഉം ജനറല്‍ ആശുപത്രിയില്‍ 180 ഉം അധിക ബെഡുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്വകാര്യ ആശുപത്രികള്‍ 25% ബെഡുകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വെച്ചിട്ടുണ്ട്. ഇത് 50% ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വാര്‍ഡ്തല ദ്രുത കര്‍മ്മ സേന പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത പഞ്ചായത്തുകളുടെ പട്ടിക തയാറാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുള്ള കള്ള് ഷാപ്പുകളില്‍ ജനങ്ങള്‍ സാമുഹിക അകലം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. കടയുടമയ്ക്ക് പിഴ ചുമത്തുകയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും പോലിസിന് നിര്‍ദ്ദേശം നല്‍കി. രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിന് കാലതാമസം ഒഴിവാക്കും. കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കും. കൂടുതല്‍ ആംബുലന്‍സും ഏര്‍പ്പെടുത്തും. ഓരോ പഞ്ചായത്തിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുകയും മരുന്ന് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും ചെയ്യും. എല്ലാ പഞ്ചായത്തുകളിലും പരമാവധി ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കുമെന്നും കലക്ടര്‍ അറിയിച്ചു.

പഞ്ചായത്തുകളില്‍ കൊവിഡ് നിരീക്ഷണത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും തീരുമാനമായി. കോര്‍പ്പറേഷന്‍ തലത്തിലുള്ള ഹെല്‍പ്പ് ഡെസ്‌ക് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. രണ്ട് വാഹനങ്ങള്‍ കൊവിഡ് രോഗികള്‍ക്കായി കൊച്ചി, എറണാകുളം മേഖലയില്‍ 24 മണിക്കൂറും സര്‍വീസ് നടത്തും. മരുന്നുവിതരണവുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത സംവിധാനം ജില്ലയില്‍ നടപ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു. ആദിവാസി മേഖലയില്‍ കൊവിഡ് രോഗികള്‍ക്കായി സിഎഫ്എല്‍ടിസികള്‍ ആരംഭിക്കും. പോസിറ്റീവ് ആകുന്നവരെ പഞ്ചായത്തിന്റെയും പോലിസിന്റെയും സഹായത്തോടെ ഇവിടേക്ക് മാറ്റും. കുട്ടമ്പുഴയിലെ 16-ാം വാര്‍ഡ് പൂര്‍ണ്ണമായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി.ജില്ലയിലെ അക്ഷയ സെന്ററുകള്‍ക്ക് 25 % ജീവനക്കാരുമാ യി തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. പോലിസുകാരുടെയും മറ്റ് ഫ്രണ്ട് ലൈന്‍ ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു

Tags:    

Similar News