കൊവിഡ് ഭീതി; മൃതദേഹം പുറത്തെടുത്ത് എസ്ഡിപിഐ വളന്റിയര്‍ ടീം മാതൃകയായി

പേരാമ്പ്ര മണ്ഡലത്തിലെ കൂത്താളിയില്‍ വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന പുല്ലാനിക്കാവ് സ്വദേശി മാത്യു എന്ന മുണ്ടപ്ലാക്കല്‍ മനോജ് (മനോകോ മനോജ്) (42) ന്റെ ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട മൃതശരീരമാണ് എസ്ഡിപിഐ വളന്റിയര്‍ ടീം അംഗങ്ങള്‍ നീക്കംചെയ്തത്.

Update: 2020-08-11 07:06 GMT

പേരാമ്പ്ര: കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് വീടിനുള്ളില്‍നിന്ന് നീക്കംചെയ്യാതിരുന്ന മൃതദേഹം പുറത്തെടുത്ത് എസ്ഡിപിഐ വളന്റിയര്‍ ടീം മാതൃകയായി. പേരാമ്പ്ര മണ്ഡലത്തിലെ കൂത്താളിയില്‍ വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന പുല്ലാനിക്കാവ് സ്വദേശി മാത്യു എന്ന മുണ്ടപ്ലാക്കല്‍ മനോജ് (മനോകോ മനോജ്) (42) ന്റെ ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട മൃതശരീരമാണ് എസ്ഡിപിഐ വളന്റിയര്‍ ടീം അംഗങ്ങള്‍ നീക്കംചെയ്തത്.

കൊവിഡ് 19 ഭീതി കാരണം ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട മൃതദേഹം നീക്കം ചെയ്യാന്‍ ആരും തയ്യാറാവാതിരുന്നപ്പോഴാണ് ജനപ്രതിനിധികളുടെയും പോലിസിന്റെയും അരോഗ്യപ്രവര്‍ത്തകരുടെയും ആവശ്യപ്രകാരം എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം വളന്റിയര്‍ ടീം ക്യാപ്റ്റന്‍ അസീസ് പന്തിരിക്കര, വൈസ് ക്യാപ്റ്റന്‍മാരായ ഒ ടി അലി, എ സി റഷീദ്, അംഗങ്ങളായ എം സി സലിം, ഹമീദ് കടിയങ്ങാട്, അല്‍ത്താഫ് സൂപ്പിക്കട എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് മാതൃക കാട്ടിയത്. പോലിസ് ഉദ്യോഗസ്ഥര്‍, കുത്താളി പഞ്ചായത്ത് വാര്‍ഡ് അംഗം ഇ ടി സത്യന്‍, ചങ്ങരോത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ ജയേഷ്, ജെഎച്ച്ഐ ഉണ്ണി, ഡിവൈഎഫ്ഐ നേതാവ് വരുണ്‍, നാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രിയാണ് ടീം അംഗങ്ങള്‍ മൃതദേഹം പുറത്തെടുത്തത്.

കൊവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് പിപിഇ കിറ്റ് ധരിച്ച് സ്ഥലത്തെത്തിയ വളന്റിയര്‍ ടീം അംഗങ്ങള്‍ നടത്തിയ ദൗത്യത്തെ പോലിസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട ജനപ്രതിനിധികളും നാട്ടുകാരും മുക്തകണ്ഡം പ്രശംസിച്ചു. ഇത്തരം സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും ഇത്തരം നന്‍മയുള്ള യുവാക്കളാണ് നാടിന് ആവശ്യമെന്നും പോലിസ് ഉദ്യോഗസ്ഥരടക്കം ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് നിപയെന്ന മഹാ വൈറസ് പിടിപെട്ട് മരണപ്പെട്ട മൊയ്തു മൗലവിയുടെ മയ്യിത്ത് ധീരതയോടെ ഏറ്റെടുത്ത് കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കം നടത്തി മാത്യക കാട്ടിയവരാണ് അസീസ് പന്തിരിക്കരയും ഒ ടി അലിയും, എ സി റഷീദും.

പ്രതിസന്ധി ഘട്ടങ്ങളില്‍ മറ്റാരും സഹായത്തിനില്ലാത്തപ്പോള്‍ ഏതുസമയത്തും സേവന സന്നദ്ധരായി രംഗത്തെത്തുന്നതാണ് എസ്ഡിപിഐ വളന്റിയര്‍മാരെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും നെഞ്ചോട് ചേര്‍ക്കുന്നതെന്നും ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസവും പ്രതീക്ഷയും എസ്ഡിപിഐ വളണ്ടിയര്‍മാരുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതാണെന്നും മണ്ഡലം പ്രസിഡന്റ് ഹമീദ് എടവരാട് പറഞ്ഞു. വളന്റിയര്‍ ടീമിന്റെ സേവനങ്ങള്‍ക്ക് ആര്‍ക്കും എപ്പോഴും ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News