തൊടുപുഴയില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനസജ്ജമായി

വെങ്ങല്ലൂര്‍- മങ്ങാട്ട്കവല ബൈപ്പാസിലെ സ്വകാര്യറസിഡന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 103 കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപനത്തിന്റെ എല്ലാ മുറികളും ഹാളുകളും കോമ്പൗണ്ടും ഏറ്റെടുത്ത് തൊടുപുഴ നഗരസഭാ സെക്രട്ടറിക്ക് കൈമാറിയതായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Update: 2020-07-19 07:24 GMT

ഇടുക്കി: ജില്ലയിലെ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സിഎഫ്എല്‍ടിസി) തൊടുപുഴയില്‍ പ്രവര്‍ത്തനസജ്ജമായി. അടുത്തദിവസം മുതല്‍ ഇവിടേക്ക് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. കൊവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണമോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്തവരെ ചികില്‍സിക്കുന്നതിനാണ് ആരോഗ്യവകുപ്പ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറന്നത്. ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആകുംവരെ സെന്ററില്‍ തന്നെയാവും പാര്‍പ്പിക്കുക.

വെങ്ങല്ലൂര്‍- മങ്ങാട്ട്കവല ബൈപ്പാസിലെ സ്വകാര്യറസിഡന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 103 കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപനത്തിന്റെ എല്ലാ മുറികളും ഹാളുകളും കോമ്പൗണ്ടും ഏറ്റെടുത്ത് തൊടുപുഴ നഗരസഭാ സെക്രട്ടറിക്ക് കൈമാറിയതായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം വാര്‍ഡുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തരസാഹചര്യത്തില്‍ 15 പേരെ കൂടി ഇവിടെ ചികില്‍സിക്കാനാവും.

രോഗികളെ കിടത്തിച്ചികില്‍സിക്കുന്നതിനായി വാര്‍ഡുകള്‍ ആറ് ബെഡ് വീതം അടങ്ങിയ വിവിധ ക്യാബിനുകളാക്കി തിരിച്ചിട്ടുണ്ട്. അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ മാനസിക സമ്മര്‍ദം കുറക്കുന്നതിനായി ടി.വി., മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യവും ഇവിടെയേര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ക്കും സ്റ്റാഫുകള്‍ക്കും അഡ്മിനിസ്‌ട്രേഷനുമായി മൂന്ന് ബ്ലോക്കുകള്‍ പുതിയ കേന്ദ്രത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ജീവനക്കാരെ ടേണ്‍ അടിസ്ഥാനത്തിലാണ് നിയോഗിച്ചിരിക്കുന്നത്. 10 ദിവസത്തെ ഡ്യൂട്ടി അടങ്ങുന്നതാണ് ഒരുടേണ്‍.

ഒരുടേണില്‍ നാല് ഡോക്ടര്‍മാര്‍, ഹെഡ് നഴ്‌സ്, ആറ് സ്റ്റാഫ് നഴ്‌സുമാര്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, 12 ക്ലീനിങ് സ്റ്റാഫുകള്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വോളന്റിയര്‍മാര്‍, ഫാര്‍മസിസ്റ്റ്, പബ്ലിക് ഹെല്‍ത്ത് സ്റ്റാഫ് എന്നിവരാണുണ്ടാവുക. ഇവരെ കൂടാതെ ആംബുലന്‍സും ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരെയും സെന്ററിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ പോലീസ് സേവനം ലഭ്യമാക്കുന്നതിനായി പോലിസ് എയ്ഡ് പോസ്റ്റുമുണ്ട്. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നിരീക്ഷണത്തിലായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍. സെന്ററിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ആശുപത്രി- അനുബന്ധ ഉപകരണങ്ങള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.

രോഗികളുമായി നേരിട്ടിടപഴകുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ പ്രത്യേകം പ്രവേശന കവാടത്തിലൂടെയാണ് വാര്‍ഡിലേക്ക് പ്രവേശിപ്പിക്കുക. ഇവര്‍ ഡ്യൂട്ടിക്ക് കയറുന്നതിന് മുമ്പായി പിപിഇ കിറ്റുള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ ധരിക്കുന്നതിനായി പ്രത്യേകം മുറി തയ്യാറാക്കിയിട്ടുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നത് മറ്റൊരു വഴിയിലൂടെയാണ്. ഇവര്‍ക്ക് സുരക്ഷാ കിറ്റ് നീക്കം ചെയ്ത് സാനിട്ടൈസര്‍ ഷവറില്‍ ദേഹശുദ്ധി വരുത്തി 20 മിനിട്ടിന് ശേഷമാണ് പുറത്തിറങ്ങാനാവുക. ജീവനക്കാര്‍ക്കായി സമീപത്ത് ഇതേ കോമ്പൗണ്ടില്‍ തന്നെ മറ്റൊരു ഹാളില്‍ താമസ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റാഫുകള്‍ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിനുമുള്ള സൗകര്യങ്ങള്‍ പുതിയ കേന്ദ്രത്തിലുണ്ടാവും. ഇതോടൊപ്പം അടുക്കളയും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം ഹാളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തൊടുപുഴ നഗരസഭയുടേയും താലൂക്കിലെ മറ്റ് പഞ്ചായത്തുകളുടേയും മേല്‍നോട്ടത്തിലാണ് അടുക്കളയുടെ പ്രവര്‍ത്തനം. രോഗസ്ഥിരീകരണത്തിനായി സ്രവ പരിശോധനയ്ക്ക് എത്തുന്നവരെയും, രോഗ ലക്ഷണമുള്ളവരെയും, രോഗികളെന്ന് സംശയിക്കുന്നവരെയും ഇവിടെയാണ് പ്രവേശിപ്പിക്കുക. സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം സാംപിളുകള്‍ എടുക്കുന്നതിനായി എത്തുന്നവര്‍ക്കായും അവരെയെത്തിക്കുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായും പുതിയ കേന്ദ്രത്തില്‍ പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും തൊടുപുഴ നഗരസഭയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് സെന്ററിലെ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കാണ് ചികില്‍സാകേന്ദ്രത്തിന്റെ പ്രവര്‍ത്തന ഏകോപന ചുമതല. തൊടുപുഴ നഗരസഭാധ്യക്ഷ സിസിലി ജോസാണ് കേന്ദ്രത്തിന്റെ ചെയര്‍പേഴ്‌സന്‍. ഡെപ്യൂട്ടി ഡിഎംഒ ഡോ.പി എന്‍ അജി സിഎഫ്എല്‍ടിസിയുടെ ജില്ലാ നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും. തൊടുപുഴയിലെ സെന്ററിന്റെ മെഡിക്കല്‍ ഓഫിസറായി ഡോ. കെ സി ചാക്കോയും നോഡല്‍ ഓഫിസറായി ഡോ. ജെറി സെബാസ്റ്റ്യനും പ്രവര്‍ത്തിക്കും. 

Tags:    

Similar News