കൊവിഡ്: യാത്ര മുടങ്ങിയ ഹാജിമാരുടെ പാസ്‌പോര്‍ട്ടുകള്‍ ആഗസ്ത് മുതല്‍ അയച്ചുതുടങ്ങും- ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
ഹജ്ജ് യാത്ര റദ്ദായത് കാരണം ഓരോ ഹാജിയും അടച്ചിട്ടുള്ള 2,01,000 രൂപ മുഖ്യ അപേക്ഷകന്റെ (കവര്‍ ഹെഡ്) ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരികെ നിക്ഷേപിച്ചുവരികയാണ്.
കരിപ്പൂര്‍: 2020 ഹജ്ജിന് അപേക്ഷിച്ച് കൊവിഡ് 19 പശ്ചാത്തലത്തില്‍ യാത്രമുടങ്ങിയ ഹാജിമാരുടെ പാസ്‌പോര്‍ട്ടുകള്‍ ആഗസ്ത് മുതല്‍ അയച്ചുതുടങ്ങുമെന്ന് സംസ്ഥാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസില്‍നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിലെത്തിച്ചത് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തരംതിരിച്ച് പ്രത്യേകമായ രീതിയില്‍ ക്രമീകരിച്ച് ഹാജിമാര്‍ക്കെത്തിക്കുന്നതിനുള്ള നടപടികള്‍ ഹജ്ജ് കമ്മിറ്റി ആരംഭിച്ചു. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും ഒരുസ്ഥലത്ത് ക്യാംപ് ചെയ്ത് വിതരണം ചെയ്യുന്നത് പ്രയാസമായതിനാല്‍ ഓരോ കവറിലെയും മുഖ്യ അപേക്ഷകന്റെ പേരില്‍ തപാല്‍വകുപ്പ് വിപിഎല്‍ രജിസ്‌ട്രേഡ് സംവിധാനത്തില്‍ വീട്ടിലേക്ക് എത്തിക്കാനാണ് ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
പാസ്‌പോര്‍ട്ടുകള്‍ അയക്കുന്നതിനനുസരിച്ച് ആ വിവരം അതത് ഹാജിമാരെ യഥാസമയം അറിയിക്കും. കൊവിഡ് കാരമം ഈവര്‍ഷത്തെ ഹജ്ജ് യാത്ര മുടങ്ങിയ സാഹചര്യത്തില്‍ അറഫാ ദിനത്തില്‍ വ്രതമെടുക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും ഹാജിമാരോട് ഹജ്ജ് കമ്മിറ്റി ആഹ്വാനംചെയ്തു. ഹജ്ജ് യാത്ര റദ്ദായത് കാരണം ഓരോ ഹാജിയും അടച്ചിട്ടുള്ള 2,01,000 രൂപ മുഖ്യ അപേക്ഷകന്റെ (കവര്‍ ഹെഡ്) ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരികെ നിക്ഷേപിച്ചുവരികയാണ്.
ഒരുമാസത്തിനകം എല്ലാവര്‍ക്കും പണം തിരികെലഭിച്ചിരിക്കും. ഏതാനും കവറുകളിലെ അക്കൗണ്ട് വിവരങ്ങള്‍ വ്യക്തതവരുത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അവരെ ഹജ്ജ് കമ്മിറ്റിയുടെ ട്രെയ്‌നര്‍മാര്‍ ബന്ധപ്പെട്ടുവരുന്നു. ആ സമയത്ത് കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ട്രെയ്‌നര്‍മാര്‍ക്ക് നല്‍കണം. ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അംഗങ്ങളായ മുഹ്‌സിന്‍ എംഎല്‍എ, പി കെ അഹമ്മദ്, മുസ്‌ല്യാര്‍ സജീര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എച്ച് മുസമ്മില്‍ ഹാജി, അബ്ദുര്‍റഹ്മാന്‍ എന്ന ഇണ്ണി, എല്‍ സുലൈഖ, വി ടി അബ്ദുല്ലക്കോയ തങ്ങള്‍, ഖാസിം കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.