കൊവിഡ്: പൊന്നാനിയില്‍ കനത്ത ജാഗ്രത; സാമൂഹികഅകലം പാലിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തത് 16 കേസുകള്‍

ഓരോ പഞ്ചായത്തിലും പച്ചക്കറി കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്കേ പ്രവര്‍ത്തിക്കാനാവൂ. സാധനമാവശ്യമുള്ളവര്‍ പോലിസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ ഓര്‍ഡര്‍ നല്‍കണം.

Update: 2020-07-01 14:09 GMT

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക് ഡൗണുള്ള പൊന്നാനിയില്‍ കര്‍ശന ജാഗ്രത ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരമേഖലാ ഐജി അശോക് യാദവ് പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഓരോ പഞ്ചായത്തിലും പച്ചക്കറി കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്കേ പ്രവര്‍ത്തിക്കാനാവൂ. സാധനമാവശ്യമുള്ളവര്‍ പോലിസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ ഓര്‍ഡര്‍ നല്‍കണം. ഒരു വാര്‍ഡില്‍ രണ്ടുപേര്‍ എന്ന കണക്കില്‍ ജില്ലാ കലക്ടര്‍ പാസ് നല്‍കിയ വളന്റിയര്‍മാര്‍ സാധനം വീട്ടിലെത്തിക്കും. സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകള്‍ പൊന്നാനി താലൂക്കില്‍ രജിസ്റ്റര്‍ ചെയ്തു.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിക്കെതിരേ പൊന്നാനിയില്‍ കേസെടുത്തു. മാസ്‌ക് ധരിക്കാത്ത 5,373 സംഭവം സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തു. നിരീക്ഷണം ലംഘിച്ച 15 പേര്‍ക്കെതിരേ ഇന്ന് കേസെടുത്തു. ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ വാര്‍ഡുതല നിരീക്ഷണസമിതികളെ അറിയിക്കണം. ട്രെയിനില്‍ വരുന്നവര്‍ നിരീക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുന്നു. നല്ല ജാഗ്രതയോടെ ഇത് തടയും. പൊതു ഓഫിസുകള്‍ അണുവിമുക്തമാക്കാന്‍ കുടുംബശ്രീ സേവനം ഉപയോഗിക്കും. ടെലിമെഡിസിന്‍ ഈ ഘട്ടത്തില്‍ വലിയ ആശ്വാസമായി. അത് പ്രാദേശികതലത്തിലും വ്യാപിപ്പിക്കും. എല്ലായിടത്തും സൗകര്യം വേണം.

സ്വകാര്യാശുപത്രികളെ ഇതിന്റെ ഭാഗമാക്കും. കൊവിഡ് പ്രതിരോധം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ്. ഈ അനുഭവം സ്വകാര്യാശുപത്രികളില്‍കൂടി പങ്കുവയ്ക്കും. രോഗബാധിതരുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍നിന്ന് മുക്തരായിട്ടില്ല. കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണം. പ്രതിരോധശേഷി കുറഞ്ഞവരും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. വിവരം ശേഖരിച്ച് ഇടപെടും. നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളുടെ വിവരം ശേഖരിക്കും. ആംബുലന്‍സ് ആവശ്യത്തിന് ലഭ്യമാവുമെന്ന് ഉറപ്പാക്കും. എവിടെ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് ലഭിക്കുമെന്നതില്‍ കൃത്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

Tags:    

Similar News