കൊവിഡ്: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നീട്ടണമെന്ന ഹരജി ഹൈക്കോടതി തള്ളി
കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു തിരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.പൊതുജന ആരോഗ്യം പരിഗണിച്ച് വേണ്ട മുന്‍കരുതലുകളുമായി ഡിസംബര്‍ മാസത്തോടെ തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് കമ്മിഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നീട്ടിവെക്കണമെന്നാവശ്യപ്പെട്ടു പി സി ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പു നടത്താനുള്ള നീക്കത്തില്‍ നിന്ന് തിരഞ്ഞെടുപ്പു കമ്മിഷനെ വിലക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു തിരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
പൊതുജന ആരോഗ്യം പരിഗണിച്ച് വേണ്ട മുന്‍കരുതലുകളുമായി ഡിസംബര്‍ മാസത്തോടെ തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് കമ്മിഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഈ വാദം അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്. കൊവിഡ് കാലത്ത് 60 വയസിനു മുകളിലുള്ള വോട്ടര്‍മാര്‍ വോട്ടിങ് കേന്ദ്രത്തിലേക്ക് എത്തുന്നത് അവരെ ആരോഗ്യപരമായി ബാധിക്കുമെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടി.കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പു നടന്നാല്‍ സംസ്ഥാനത്തെ ആരോഗ്യമേഖല തകരാനിടയാകുമെന്നും ഹരജിയില്‍ വ്യക്തമാക്കി.