കൊവിഡ്: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും റവന്യൂ സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. നടപടിയെടുത്ത ശേഷം നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണം.
തിരുവനന്തപുരം: കൊവിഡ് കാലത്ത് അവശത അനുഭവിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തിലുള്ള കൊവിഡ് വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ പരിശ്രമിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധിയും കൊവിഡ് കാല ആനുകൂല്യവും അടിയന്തരമായി നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും റവന്യൂ സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. നടപടിയെടുത്ത ശേഷം നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണം. ആനുകൂല്യം നല്‍കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കേസ് ആലപ്പുഴ സിറ്റിങ്ങില്‍ പരിഗണിക്കും.
കൊവിഡ് കാലത്ത് തങ്ങള്‍ക്ക് 10 മണിക്കൂറിലധികം ജോലി ചെയ്യേണ്ടിവരുന്നതായി കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നോട്ട് നിരോധിച്ച കാലത്ത് പത്രങ്ങള്‍ക്ക് പരസ്യം കുറഞ്ഞപ്പോഴും തങ്ങള്‍ പ്രതിസന്ധിയിലായി. ജോലിക്കുള്ള മാന്യത കാരണം ആരോടും സഹായം ചോദിക്കാന്‍ നിവൃത്തിയില്ല. മുഖ്യമന്ത്രിതങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിട്ടുണ്ട്. അവശത അനുഭവിക്കുന്ന ജീവനക്കാര്‍ക്കെല്ലാം സര്‍ക്കാര്‍ 1,000 രൂപ നല്‍കുമ്പോള്‍ തങ്ങള്‍ക്ക് അത് നിഷേധിച്ചിരിക്കുകയാണ്. പത്രങ്ങളിലെയും ചാനലുകളിലെയും പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ഇതാണ് അവസ്ഥയെന്നും പരാതിയില്‍ പറയുന്നു.