ഇടുക്കി: ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ജില്ലാ ദുരന്ത നിവാരണയോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ രണ്ടുദിവസത്തിനകം പതിനായിരം കൊവിഡ് ടെസ്റ്റുകള്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. അയല്‍ സംസ്ഥാനത്തുനിന്ന്് ജില്ലയുടെ അതിര്‍ത്തി വഴി വരുന്ന എല്ലാവരെയും നിര്‍ബന്ധിത കൊവിഡ് ടെസ്റ്റിന് വിധേയമാക്കും. കൊവിഡ് ക്ലസ്റ്ററുകളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇത്തവണയും മംഗളാ ദേവി ചിത്ര പൗര്‍ണമി ഉല്‍സവം ഉണ്ടായിരിക്കില്ല. വ്യാപാരവാണിജ്യമേഖലയില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന് നാളെ രാവിലെ 11 ന് വ്യാപാരി വ്യവസായി, ഹോട്ടല്‍ റെസ്‌റ്റൊറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ഓണ്‍ലൈനായി യോഗം ചേരും. ഈ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, തുടങ്ങി വിവിധ വകുപ്പുതല മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
നിര്‍ദ്ദേശങ്ങള്‍ / നിയന്ത്രണങ്ങള്‍
കല്യാണം, ഗൃഹപ്രവേശം, മരണം, മറ്റു മതപരമായ ചടങ്ങുകള്‍ തുടങ്ങിയവകളില്‍ ഓഡിറ്റോറിയങ്ങള്‍ക്കുള്ളില്‍ പരമാവധി 100 പേരും ഓഡിറ്റോറിയത്തിനു പുറത്ത് പരമാവധി 200 പേരുമായും നിജപ്പെടുത്തണം. ഇത്തരം ചടങ്ങുകള്‍ സംബന്ധിച്ച വിവരം അടുത്തുളള പോലിസ് സ്‌റ്റേഷനില്‍ മുന്‍കൂറായി അറിയിക്കണം. അറിയിക്കാത്ത സാഹചര്യത്തില്‍ സംഘാടകര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കും. കൂടാതെ ചടങ്ങുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുകയും വേണം.
സ്വകാര്യ/കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോവാനുളള അനുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ജില്ലയില്‍ പൊതുയോഗങ്ങളും മറ്റ് പൊതുപരിപാടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.
എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വിനോദസഞ്ചാര മേഖലകള്‍ പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം.