കിഴക്കമ്പലം കിറ്റക്‌സ് ഫാക്ടറിയിലെ വനിതാ ജീവനക്കാര്‍ക്ക് അടക്കം കൊവിഡ് ബാധ; ഡിഎംഒ അന്വേഷിക്കണമെന്ന് വനിതാ കമ്മീഷന്‍
തിരുവനന്തപുരം: കിഴക്കമ്പലം കിറ്റക്‌സ് ഫാക്ടറിയില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് ബാധയിലാണെന്ന തരത്തിലുള്ള മാധ്യമ റിപോര്‍ട്ടിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കി. റിപോര്‍ട്ടില്‍ പറയുന്ന പ്രകാരം കൊവിഡ് ബാധിതരായ വനിതകളുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അടിയന്തരമായി ചികില്‍സ നല്‍കണമെന്നും മറ്റുള്ളവരെ സുരക്ഷിതമായി ക്വാറന്റൈന്‍ ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
കിഴക്കമ്പലം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് വ്യവസായ സ്ഥാപനത്തിനു കീഴില്‍ പതിനായിരത്തോളം തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ഇവരില്‍ മിക്കവരും ഇതര സംസ്ഥാനത്തൊഴിലാളികളാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും കൊവിഡ് ചികില്‍സയ്ക്കാവശ്യമായ എഫ്എല്‍ടിസി സംവിധാനം ഇതുവരെയും ഒരുക്കിയിട്ടില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. കിറ്റക്‌സ് കമ്പനി ജോലിക്കാര്‍ക്ക് ഇത്തരം സംവിധാനമൊരുക്കാന്‍ കമ്പനിയോട ആവശ്യപ്പെട്ടിട്ടും അതും നടപ്പായിട്ടില്ലെന്നും ഇതെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും പരാതി പോയിരുന്നു.