രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികില്‍സാ കേന്ദ്രം എറണാകുളത്ത്; ഓക്‌സിജന്‍ ബെഡുകളില്‍ എത്തിക്കുന്നത് ഉല്‍പാദന കേന്ദ്രത്തില്‍ നിന്ന് നേരിട്ട്
ചികില്‍സാ കേന്ദ്രത്തിന് സമീപമുള്ള ബിപിസിഎല്ലിന്റെ ഓക്സിജന്‍ പ്ലാന്റില്‍ നിന്നും തടസമില്ലാത്ത ഓക്സിജന്‍ വിതരണം ഇവിടെ സാധ്യമാകും. റിഫൈനറിയില്‍ നിന്ന് നേരിട്ടുള്ള സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ പൈപ്പ്ലൈന്‍ വഴിയാണ് ഓക്സിജന്‍ ബെഡുകളിലേക്ക് എത്തിക്കുക
കൊച്ചി: കൊച്ചി റിഫൈനറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന താല്‍കാലിക കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നാവിക സേനയുടെ ഫയര്‍ ഓഡിറ്റ് കൂടി പൂര്‍ത്തിയാകുന്നതോടെ രോഗികളെ പ്രവേശിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ വഴി ബിപിസിഎല്ലിന്റെ സഹകരണത്തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് ചികില്‍സാ കേന്ദ്രമാണ് തയാറാകുന്നത്.ആയിരം ഓക്‌സിജന്‍ ബെഡ് സംവിധാനമാണ് കൊവിഡ് രോഗികള്‍ക്കായി ഇവിടെ തയ്യാറാക്കുന്നത്.
ഓക്സിജന്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് നേരിട്ട് ബെഡുകളിലേക്ക് ഓക്സിജന്‍ എത്തിക്കുന്ന ചികിത്സാ സംവിധാനം രാജ്യത്ത് ആദ്യമായാണ് ക്രമീകരിക്കുന്നത്. ചികില്‍സാ കേന്ദ്രത്തിന് സമീപമുള്ള ബിപിസിഎല്ലിന്റെ ഓക്സിജന്‍ പ്ലാന്റില്‍ നിന്നും തടസമില്ലാത്ത ഓക്സിജന്‍ വിതരണം ഇവിടെ സാധ്യമാകും. റിഫൈനറിയില്‍ നിന്ന് നേരിട്ടുള്ള സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ പൈപ്പ്ലൈന്‍ വഴിയാണ് ഓക്സിജന്‍ ബെഡുകളിലേക്ക് എത്തിക്കുക. വെള്ളവും വൈദ്യുതിയും സൗജന്യമായി ബിപിസിഎല്‍ നല്‍കും. ആദ്യഘട്ടത്തില്‍ 100 ബെഡുകളുമായി പ്രവര്‍ത്തനമാരംഭിക്കുന്ന ചികിത്സാ കേന്ദ്രം രണ്ടാം ഘട്ടത്തില്‍ 1500 ബെഡുകളായി വിപുലീകരിക്കും.
130 ഡോക്ടര്‍മാര്‍, 240 നഴ്സുമാര്‍ ഉള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ഇവിടേക്കാവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യഘട്ട പരിശീലനം പുരോഗമിക്കുകയാണ്. കൊവിഡ് ചികില്‍സയ്ക്കായി സര്‍ക്കാര്‍ ചെലവില്‍ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പ് ചുമതല പ്രധാന ആശുപത്രികള്‍ക്കായിരിക്കും. രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ നിയന്ത്രണം ജില്ലാ ഭരണകൂടം നിര്‍വഹിക്കും.
കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ളവര്‍ക്കും ഇവിടെ ചികിത്സ ലഭ്യമാക്കും. കൊച്ചി റിഫൈനറിയില്‍ നിന്ന് ഓരോ മാസവും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി 100 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനാണ് വിതരണം ചെയ്യുന്നത്. ഇത് 600 മെട്രിക് ടണ്‍ ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരളത്തിലെ മൂന്ന് ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകളും ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ തയാറാക്കുന്നുണ്ട്.