കൊവിഡ്: കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന നാലു രോഗികള്‍ ഗുരുതരാവസ്ഥയില്‍
കൊവിഡ് ബാധിതയായ 80 വയസ്സുകാരി,നൈജീരിയയില്‍ നിന്ന് വന്ന് എറണാകുളത്തു ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശി,31 വയസുള്ള യുവതി,44 വയസുള്ള തമിഴ്‌നാട് സ്വദേശി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്
കൊച്ചി: എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന കൊവിഡ് ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയില്‍ ശ്വസന സഹായിയില്‍ തുടരുന്നു.ശ്വാസകോശ അണുബാധയുള്ള രോഗി ദീര്‍ഘ കാലമായുള്ള വൃക്ക രോഗത്തിനും ചികില്‍സയിലാണ് നൈജീരിയയില്‍ നിന്ന് വന്ന് എറണാകുളത്തു ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശിക്ക് ഇന്ന് ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം കൊവിഡ് ബാധിതനാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നില ഗുരുതരമായി തുടരുന്നു.
മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള 31 വയസുള്ള മറ്റൊരു കൊവിഡ് ബാധിതയായ യുവതിയെ ഹ്യദയമിടിപ്പിലെ വ്യതിയാനത്തെ തുടര്‍ന്ന് ഐ സി യു വിലേക് മാറ്റി. ഹൃദ്രോഗ വിദഗ്ദ്ധര്‍ യുവതിക്ക് ചികില്‍സ നല്‍കി വരുന്നതായി മെഡിക്കല്‍ കോളജിലെ നോഡല്‍ ഓഫിസര്‍ ഡോ. ഫത്താഹുദ്ദീന്‍ പറഞ്ഞു.എറണാകുളത്തു ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്‌നാട് സ്വദേശിയെയും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം ഒരു വര്‍ഷം മുമ്പ് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇപ്പോള്‍ അമിത രക്തസമ്മര്‍ദത്തിനും പ്രമേഹരോഗത്തിനും മരുന്നുകഴിച്ചു കൊണ്ടിരിക്കുന്ന ആളുമാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.