ചെലവു കുറഞ്ഞ വെന്റിലേറ്റര്‍; ആഗോള പ്രോജക്ടില്‍ കെഎസ്യുഎം സ്റ്റാര്‍ട്ടപ്

രോഗിയുടെ വ്യക്തിപരമായ സവിശേഷതകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വെന്റിലേറ്ററാണ് പദ്ധതിയിലൂടെ വികസിപ്പിച്ചെടുക്കുന്നത്.ഐ സേവ് എന്ന പേരിട്ടിരിക്കുന്ന രീതി ഉപയോഗിച്ച് ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ രണ്ട് രോഗികള്‍ക്ക് ഒരേ സമയം ഉപയോഗിക്കാനാവും.

Update: 2020-09-21 10:45 GMT

കൊച്ചി: ചെലവു കുറഞ്ഞ വെന്റിലേറ്ററിനായുള്ള രാജ്യാന്തര പ്രോജക്ടില്‍ സഹകരിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സിനെര്‍ജിയ മീഡിയ ലാബും. കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാണ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ ഈ പ്രോജക്ട് നടപ്പാക്കുന്നത്.ചെന്നൈയിലുള്ള അയോണിക്‌സ് ത്രിഡിപി, സിംഗപ്പൂരിലുള്ള അരുവി എന്നീ സ്ഥാപനങ്ങളും ഈ പദ്ധതിയില്‍ അംഗങ്ങളാണ്. രോഗിയുടെ വ്യക്തിപരമായ സവിശേഷതകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വെന്റിലേറ്ററാണ് പദ്ധതിയിലൂടെ വികസിപ്പിച്ചെടുക്കുന്നത്.ഐ സേവ് എന്ന പേരിട്ടിരിക്കുന്ന രീതി ഉപയോഗിച്ച് ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ രണ്ട് രോഗികള്‍ക്ക് ഒരേ സമയം ഉപയോഗിക്കാനാവും.

സയന്‍സ് ട്രാന്‍സ്ലേഷന്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഈ ഉപകരണത്തിന് അടുത്തയിടെ അംഗീകാരം ലഭിച്ചിരുന്നു.മൂന്ന് കമ്പനികളും ചേര്‍ന്ന് നിര്‍മ്മിച്ച വെന്റിലേറ്ററിന്റെറ മാതൃക പുറത്തിറക്കിയിട്ടുണ്ട്. രോഗിയ്ക്ക് അടിയന്തര സാഹചര്യത്തില്‍ ശ്വാസം കൊടുക്കാനുള്ള ഇന്‍ഡ്വെന്റര്‍ 100, ഇന്‍ഡ്വെന്റ 200 എന്നിങ്ങനെയുള്ള രണ്ട് ചെലവ് കുറഞ്ഞ ശ്വസനസഹായികളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ രണ്ട് ഉപകരണങ്ങളും തുടക്കത്തില്‍ ഒരു രോഗിയ്ക്ക് മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമായിരുന്നു. എന്നാല്‍ ഐ സേവ് രീതി ഉപയോഗിച്ച് ഇത് രണ്ട് രോഗികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും വിധമാക്കി.ഇന്‍ഡ്വെന്റര്‍ 100 ല്‍ ഒന്നിലേറെ വെന്റിലേഷന്‍ സംവിധാനമുണ്ടെന്ന് സിനെര്‍ജിയ സിഇഒ ഡെറിക് സെബാസ്റ്റ്യന്‍ പറഞ്ഞു. മാസച്യുസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ രൂപകല്‍പനയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

അതേ സമയം ഇന്‍ഡ്വെന്റ് 200 ല്‍ വൈവിദ്ധ്യമുള്ള നിരവധി പ്രത്യേകതകളുണ്ട്. അതീവ ശ്രദ്ധയോടെ രൂപകല്‍പന ചെയ്ത് പരീക്ഷണങ്ങള്‍ നടത്തിയ വെന്റിലേറ്റര്‍ പങ്ക് വയ്ക്ക്ല്‍ സംവിധാനമാണ് ഐ സേവ് എന്ന് ഇന്‍ഡ്വെന്റര്‍ കൂട്ടായ്മയുടെ ഉപദേഷ്ടാവ് സില്‍ജി അബ്രഹാം പറഞ്ഞു. കൊറോണ വൈറസ് മൂലം കനത്ത വെല്ലുവിളി നേരിടുന്ന ആരോഗ്യമേഖലയില്‍ വെന്റിലേറ്റര്‍ സംവിധാനത്തിന് പെട്ടെന്ന് ശക്തി പകരാനാവും. 20,000 രൂപയില്‍ താഴെ മാത്രമേ ഇതിന് ചെലവ് വരുകയുള്ളൂവെന്ന് ഇന്‍ഡ്വെന്റിന്റെ പ്രൊജക്ട് മേധാവി പ്രകാശ് ബാരെ പറഞ്ഞു. ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമുള്ള വിപണിയില്‍ ഈ ചെലവ് കുറഞ്ഞ വെന്റിലേറ്ററുകള്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് പ്രാണാ ഫൗണ്ടേഷന്‍ പ്രസിഡന്റ്് ശ്രിയ ശ്രീനിവാസന്‍ പറഞ്ഞു. വികസ്വര രാജ്യങ്ങളിലെ ആരോഗ്യസംവിധാനത്തില്‍ മെച്ചപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ ഇതിലൂടെ കഴിയുമെന്ന് വൈസ് പ്രസിഡന്റ് ഖലീല്‍ റമാദി ചൂണ്ടിക്കാട്ടി.

Tags:    

Similar News