ലോക്ക് ഡൗണ്‍: തെരുവില്‍ കഴിയുന്നവര്‍ക്ക് കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം തുടങ്ങി

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ മുതല്‍ കഴിഞ്ഞ 18 ദിവസങ്ങളായി എറണാകുളം ടി.ഡി.എം. ഹാളില്‍ വച്ച് പാകം ചെയ്ത് നഗരത്തിലെ വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുളളവര്‍ക്കുമായി നഗരസഭ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.അതിനുപുറമേയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തെരുവില്‍ കഴിയുന്നവര്‍ക്കായുളള ഭക്ഷണ കൗണ്ടറുകളും ആരംഭിച്ചത്

Update: 2021-05-10 03:09 GMT

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു തുടങ്ങി.പോലീസ് അസി. കമ്മീഷണറുമായി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ നടത്തിയ ചര്‍ച്ചയില്‍ നഗരസഭയും പോലിസും ചേര്‍ന്ന് തെരുവില്‍ കഴിയുന്നവര്‍ക്കുളള ഭക്ഷണം നല്‍കുന്നതിന് തീരുമാനിച്ചിരുന്നു.കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ മുതല്‍ കഴിഞ്ഞ 18 ദിവസങ്ങളായി എറണാകുളം ടിഡിഎം ഹാളില്‍ വച്ച് പാകം ചെയ്ത് നഗരത്തിലെ വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുളളവര്‍ക്കുമായി നഗരസഭ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.അതിനുപുറമേയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തെരുവില്‍ കഴിയുന്നവര്‍ക്കായുളള ഭക്ഷണ കൗണ്ടറുകളും ആരംഭിച്ചത്.

എറണാകുളം ടിഡിഎം ഹാളില്‍ തന്നെ ആരംഭിച്ചിട്ടുളള കൗണ്ടറില്‍ നിന്നുളള ഭക്ഷണം വിതരണം ഇന്നലെ രാവിലെ 10.30 ന് ഐ ജി വിജയന്‍ ഉദ്ഘാടനം ചെയ്തു. തെരുവില്‍ കഴിയുന്ന 200 പേര്‍ക്കും, 2,200 കൊവിഡ് രോഗികള്‍ക്കുമാണ് ഇന്നലെ ഭക്ഷണം വിതരണം ചെയ്തത്. മേയറോടൊപ്പം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയപേഴ്‌സണ്‍ ഷീബലാല്‍, കരയോഗം സെക്രട്ടറി രാമചന്ദ്രന്‍, രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

വില്ലിംഗ്ടണ്‍ ഐലന്റിലെ ട്രാന്‍സ്വേള്‍ഡ് ഷിപ്പിംഗ് കമ്പനി കോവിഡ് ചികിത്സക്ക് സഹായകമാകുന്ന ഹെല്‍മെറ്റ് എന്‍ഐവി.-കള്‍ ഇന്നലെ മേയര്‍ക്ക് കൈമാറി. കൈയ്യില്‍ കൊണ്ടു നടക്കാവുന്നതും ഓക്‌സിജന്‍ ഉത്പാദിപ്പിച്ച് ശ്വസന സഹായിയായി ഉപയോഗിക്കാവുന്നതുമായ 22 ഹെല്‍മെറ്റ് എന്‍ഐവികളാണ് നല്‍കിയത്. അതോടൊപ്പം 100 ഓക്‌സിജന്‍ ബെഡുകള്‍ ഉളള കോവിഡ് ആശുപത്രി ഒരുക്കുന്ന സാമുദ്രിക ഹാളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

ഹാളില്‍ കോര്‍പ്പറേഷന്‍ നടത്തിവന്ന പാര്‍ട്ടീഷന്‍, പാനലിംഗ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവിടേക്കാവശ്യമായ 100 ബെഡുകള്‍ സംഭാവന നല്‍കുന്നതും ട്രാന്‍സ് വേള്‍ഡ് ഷിപ്പിംഗ് കമ്പനി തന്നെയാണ്. ജില്ലാഭരണകൂടം ആവശ്യമായ ഓക്‌സിജന്‍ സൗകര്യം കൂടി ഒരുക്കുന്ന മുറയ്ക്ക് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനമാരംഭിക്കാവുന്നതാണ്. ഇന്ന് വില്ലിംഗ്ടണ്‍ ഐലന്റിലെ ട്രാന്‍സ് വേള്‍ഡ് ഷിപ്പിംഗ് കമ്പനിയുടെ ഓഫീസില്‍ വച്ച് റീജ്യണല്‍ ഹെഡ് എം കൃഷ്ണകുമാര്‍ ഉപകരണങ്ങള്‍ മേയര്‍ക്ക് കൈമാറി.

Tags:    

Similar News