കൊവിഡ്: മാനന്തവാടി പോലിസ് സ്റ്റേഷന്റെ ചുമതല വെള്ളമുണ്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക്; അണുനശീകരണപ്രക്രിയ പൂര്‍ത്തിയായി
മാനന്തവാടി പോലിസ് സ്റ്റേഷനിലെ 24 പോലിസ് ഉദ്യോഗസ്ഥരുടെ സ്രവമാണ് പരിശോധിച്ചത്. അതില്‍ 18 പേരുടെ ഫലം അറിവായതില്‍ മൂന്നു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
കല്‍പ്പറ്റ: മൂന്നു പോലിസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച മാനന്തവാടി പോലിസ് സ്റ്റേഷന്റെ ചുമതല താല്‍ക്കാലികമായി വെള്ളമുണ്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നല്‍കി. മാനന്തവാടി സബ് ഡിവിഷന്‍ ചുമതല വയനാട് അഡീഷനല്‍ എസ്പിക്കു നല്‍കിയിട്ടുണ്ട്. മാനന്തവാടി സ്റ്റേഷനിലെ വയര്‍ലെസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ സമീപത്തെ എസ്എംഎസ് ഡിവൈഎസ്പി ഓഫിസില്‍നിന്ന് പ്രവര്‍ത്തിപ്പിക്കും. മാനന്തവാടി സ്റ്റേഷന്‍ അണുവിമുക്തമാക്കുന്ന പ്രക്രിയ ആരോഗ്യപ്രവര്‍ത്തകരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഇതിനകം പൂര്‍ത്തിയാക്കി.
മാനന്തവാടി പോലിസ് സ്റ്റേഷനിലെ 24 പോലിസ് ഉദ്യോഗസ്ഥരുടെ സ്രവമാണ് പരിശോധിച്ചത്. അതില്‍ 18 പേരുടെ ഫലം അറിവായതില്‍ മൂന്നു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി പോലിസ് സ്റ്റേഷനിലെ സ്രവം നല്‍കിയ എല്ലാ പോലിസുകാരും ഡ്യൂട്ടി റസ്റ്റ് ആയിരുന്നവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മാനന്തവാടി പോലിസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ സമീപത്തെ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും നിരീക്ഷണത്തിലാണ്.
മാനന്തവാടി സബ് ഡിവിഷനിലെ മറ്റു പോലിസ് സ്റ്റേഷനുകളില്‍നിന്നുള്ള പോലിസുകാരെ ഉപയോഗിച്ച് മാനന്തവാടി സ്റ്റേഷന്‍ പരിധിയിലെ ഹോട്‌സ്‌പോട്ടിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. മാനന്തവാടി പോലിസ് സ്റ്റേഷനില്‍ നേരിട്ട് സന്ദര്‍ശനം നടത്തുന്നത് പരമാവധി ഒഴിവാക്കണമെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ഥിച്ചു. സ്റ്റേഷനിലെ അത്യാവശ്യകാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പിപിഇ കിറ്റ് ധരിച്ച രണ്ടുപോലിസ് ഉദ്യോഗസ്ഥരെയും അവരെ സഹായിക്കാനായി ഒരു ആരോഗ്യപ്രവര്‍ത്തകനെയും നിയോഗിച്ചിട്ടുണ്ട്.