കൊവിഡ് : ആലപ്പുഴയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു
നൂറനാട്, തണ്ണീര്‍മുക്കം പഞ്ചായത്തുകളില്‍ കൂട്ടം കൂടുന്നത് നിരോധിച്ചു,ഹോട്ടലുകളില്‍ രാത്രി 10 വരെ പാര്‍സല്‍ നല്‍കാം,സാനിറ്റെസര്‍ വയ്ക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി.15 വയസിനു താഴെയുള്ള കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാംപ് ജില്ലയില്‍ നിരോധിച്ചു. ടര്‍ഫ്, സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ പ്രവര്‍ത്തനം രാത്രി ഒന്‍പതു മണി വരെയാക്കി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് വീണ്ടും കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ (ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍-സിഎഫ്എല്‍ടിസി) തുറക്കാന്‍ തീരുമാനം. ജില്ല കലക്ടര്‍ എ അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിട്ടി യോഗത്തിലാണ് തീരുമാനം. 815 പേരെ കിടത്തിച്ചികില്‍സിക്കാന്‍ സൗകര്യമുള്ള എട്ട് ചികില്‍സാ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ തുറക്കുക.
ചെങ്ങന്നൂര്‍ പുത്തന്‍കാവ് എസ്ബിഎസ്. ക്യാംപ് സെന്റര്‍(ഐപിസി. ഹാള്‍- 200 കിടക്കകള്‍), ആലപ്പുഴ ടൗണ്‍ ഹാള്‍(100 കിടക്കകള്‍), തണ്ണീര്‍മുക്കം കാരിക്കാട് സെന്റ് ജോസഫ് പാരിഷ് ഹാള്‍(90 കിടക്ക), ചേര്‍ത്തല ടൗണ്‍ ഹാള്‍(50 കിടക്ക), മാവേലിക്കര ടൗണ്‍ ഹാള്‍(50 കിടക്ക), കായംകുളം ടൗണ്‍ഹാള്‍(30 കിടക്ക), പത്തിയൂര്‍ എല്‍മെക്സ് ആശുപത്രി(120 കിടക്ക), കായംകുളം സ്വാമി നിര്‍മലാനന്ദ മെമ്മോറിയല്‍ ബാലഭവന്‍(100 കിടക്ക) എന്നിവിടങ്ങളിലാണ് ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുക.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോട്ടലുകളില്‍ ഭക്ഷണം പാര്‍സലായി വിതരണം ചെയ്യുന്ന സമയത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കി. ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം ഒമ്പതു വരെയാണ്. പാര്‍സല്‍ ഭക്ഷണ വിതരണം രാത്രി 10 വരെയാക്കി. കൂടുതല്‍ കൊവിഡ് രോഗികളുള്ള നൂറനാട്, തണ്ണീര്‍മുക്കം പഞ്ചായത്തുകളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. പോലിസും സെക്ടറല്‍ മജിസ്ട്രേറ്റ്മാരും ഈ പ്രദേശങ്ങളില്‍ കര്‍ശന പരിശോധന നടത്തും.
എടിഎം. കൗണ്ടറുകള്‍, കച്ചവട സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങിയവയുടെ മുമ്പില്‍ സാനിറ്റൈസര്‍ സ്ഥാപിച്ചില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കി. 15 വയസിനു താഴെയുള്ള കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാംപ് ജില്ലയില്‍ നിരോധിച്ചു. ടര്‍ഫ്, സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ പ്രവര്‍ത്തനം രാത്രി ഒന്‍പതു മണി വരെയാക്കി. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് ഭക്ഷണവിതരണം നടത്തുന്നതിന് നിയോഗിക്കപ്പെടുന്നവര്‍ കൊവിഡ് നെഗറ്റീവാണെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ആളുകള്‍ കൂടുതലായി എത്തുന്ന ഹോട്ടലുകള്‍, മാളുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ എസിയുടെ ഉപയോഗം ഒഴിവാക്കണം.