കൊവിഡ്: എറണാകുളത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍;നിയന്ത്രിക്കാന്‍ 140 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കൂടി
വീടുകളില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിരോധിച്ചു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാം. സര്‍ക്കാര്‍ തലത്തില്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓണ്‍ലൈനായി നടത്തണം. ആരാധനാലയങ്ങളിലും പൊതുജനങ്ങളുടെ പങ്കാളിത്തം നിയന്ത്രിക്കണം. ഇതും ഓണ്‍ലൈന്‍ മുഖേന നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടപ്പിക്കാനും നിര്‍ദ്ദേശമുണ്ട്
കൊച്ചി: കൊവിഡ് മഹാമാരിയെ നേരിടാന്‍ എറണാകുളത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസിന്റെ ശക്തമായ നിരീക്ഷണവും ഏര്‍പ്പെടുത്തി. വീടുകളില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിരോധിച്ചു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാം. സര്‍ക്കാര്‍ തലത്തില്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓണ്‍ലൈനായി നടത്തണം. ആരാധനാലയങ്ങളിലും പൊതുജനങ്ങളുടെ പങ്കാളിത്തം നിയന്ത്രിക്കണം.
ഇതും ഓണ്‍ലൈന്‍ മുഖേന നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. രണ്ട് ദിവസം വരെ അടച്ചിടാനുള്ള നിര്‍ദ്ദേശമാണുള്ളത്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലായിരിക്കും നടപടിയുണ്ടാകുക. ലംഘനത്തിന്റെ തോതനുസരിച്ച് അടച്ചിടല്‍ ദിവസങ്ങളും നീണ്ടു പോകും. രാത്രി ഒന്‍പതു മണിക്കും പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള പൊതു ജനങ്ങളുടെ കൂട്ടം കൂടല്‍ പൂര്‍ണമായും നിരോധിച്ചു. സിനിമാ തീയറ്ററുകളുടെ പ്രവര്‍ത്തനം രാത്രി 7.30 വരെയാക്കി ചുരുക്കി.
കൊവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി ജില്ലയില്‍ 140 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെക്കൂടി അധികമായി നിയമിക്കുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന അറുപതു പേര്‍ക്കു പുറമെയാണിത്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമനം നല്‍കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ മേഖലകളില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തും.
പൊതു ഇടങ്ങളിലെ സാമൂഹിക അകലം ഉറപ്പുവരുത്തുക, മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുക, ക്വാറന്റീന്‍ കൃത്യമായി പാലിക്കുക, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെ പരാതികള്‍ പരിശോധിക്കുക, വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പുവരുത്തുക എന്നിവയാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ചുമതല. ഇത് കൂടാതെ പൊതു ഇടങ്ങളിലും , വിവാഹ ചടങ്ങുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുക എന്നിവയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിധിയില്‍ വരും. അതാത് തഹസില്‍ദാര്‍ മാരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
21 സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്തു
കൊവിഡ് പ്രതിരോധത്തിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികളും പങ്കാളികളാകുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)ക്കു കീഴില്‍ 21 സ്വകാര്യ ആശുപത്രികളാണ് കൊവിഡ് ചികില്‍സയ്ക്കായി ജില്ലയില്‍ ഇതുവരെ എം പാനല്‍ ചെയ്തിട്ടുള്ളത്. ഈ ആശുപത്രികളില്‍ കൊവിഡ് ചികിസല്‍സ തേടുന്നതിന് രണ്ടു വിധത്തിലുള്ള ക്രമീകരണമാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. കാസ്പ് ഗുണഭോക്താക്കളായ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉള്ളവര്‍ക്ക് ഈ ആശുപത്രികളില്‍ നേരിട്ടെത്തി കൊവിഡ് ചികിത്സ തേടാം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയ ശേഷം അവിടെ നിന്നു റഫര്‍ ചെയ്യുന്ന രോഗികള്‍ക്കും ഈ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ ലഭ്യമാകും. ചികില്‍സ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഭക്ഷണത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമുള്ള ചെലവ് രോഗി സ്വന്തം നിലയില്‍ വഹിക്കേണ്ടി വരും.
സൗജന്യ നിരക്കില്‍ കൊവിഡ് ചികില്‍സ ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് 15 ദിവസത്തിനകം ക്ലെയിം തുക സര്‍ക്കാര്‍ നല്‍കും. ജനറല്‍ വാര്‍ഡിന് 2300 രൂപ, എച്ച് ഡി യു 3300 രൂപ, വെന്റിലേറ്റര്‍ ഇല്ലാതെയുള്ള ഐ.സി.യു 6500 രൂപ, വെന്റിലേറ്ററോട് കൂടിയ ഐ.സി.യു 11500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന നിരക്ക്. പി പി ഇ കിറ്റുകള്‍ക്കും ഐസൊലേഷനുമായി ഒരു രോഗിക്ക് പരമാവധി ഒരു ലക്ഷം രൂപയാണ് നല്‍കുക.സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് കാസ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കാസ്പ് പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളുടെ പട്ടിക sha.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് പ്രതിരോധ രംഗത്തേക്ക് എത്തുന്നുണ്ട്. എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളില്‍ ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും ആവശ്യമായിവരുന്നതനുസരിച്ച് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടത്തില്‍ പത്ത് പഞ്ചായത്തുകളില്‍ സിഎഫ് എല്‍ടിസികള്‍ ആരംഭിച്ചിട്ടുണ്ട്. തിരുമാറാടി, ചോറ്റാനിക്കര, വടവുകോട്- പുത്തന്‍കുരിശ്, മുളന്തുരുത്തി, കിഴക്കമ്പലം, മഴുവന്നൂര്‍, ചേന്ദമംഗലം, പുത്തന്‍വേലിക്കര, ആലങ്ങാട്, തുറവൂര്‍ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഡൊമസിലറി കെയര്‍ സെന്റെറുകളും ( സി സി സി) ആരംഭിക്കും.
രോഗലക്ഷണം ഉള്ളവര്‍ക്ക് ഇത്തരം സെന്ററുകള്‍ വഴി ആദ്യഘട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. നിലവില്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ ട്രൈബല്‍ ഷെല്‍ട്ടര്‍ ഡി സി സി ആയി മാറ്റിയിട്ടുണ്ട്. ആദിവാസി മേഖലകളില്‍ നിന്നായി ഒമ്പത് പേരെ ഇവിടെ പ്രവേശിപ്പിക്കുകയും അവര്‍ക്ക് വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നു.ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 0484 2422219 നമ്പറില്‍ വിളിച്ച് ജനങ്ങള്‍ക്ക് സംശയങ്ങള്‍ ചോദിക്കാം. എന്നാല്‍ സ്ഥിതി കൂടുതല്‍ വഷളായാല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. ഒപ്പം ആവശ്യമുള്ള ഇടങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്നതടക്കമുള്ള അടിയന്തിര സേവനങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍വ്വഹിക്കുന്നുണ്ട്.
ജില്ലയില്‍ വാര്‍ഡ്തല സമിതികള്‍ സജ്ജമാണ്. ഇതിന്റെ ഭാഗമായി പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 'അടിയന്തര പ്രതികരണ ടീം'(Emergency Response Team-ERT) രൂപീകരിക്കുകയും കിലയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. വാര്‍ഡ് തല സമിതികള്‍ ഓരോ വീടുകളും സന്ദര്‍ശിച്ച് ബോധവത്കരണവും ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ഗൃഹസന്ദര്‍ശനം. വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ പ്രതിദിന മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തും. എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വാര്‍ഡ്തല സമിതികള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. ബോധവത്കരണ പരിപാടികള്‍ വിപുലമാക്കും. കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുകയും ചെയ്യും.
കൊവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ എത്തിച്ചേരുന്നതിനുള്ള ആംബുലന്‍സ് സൗകര്യം ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തെയും സഹായത്തോടെ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആവശ്യമായി വരുന്ന മുറയ്ക്ക് ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വീണ്ടും പുനരാരംഭിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്ക് എത്തിക്കുന്നതിന് ഭാഗമായി കൂടുതല്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, പ്രചരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
ഭവനരഹിതരായ വരെയും തെരുവില്‍ കഴിയുന്നവരെയും കണ്ടെത്തി അവര്‍ക്ക് ഭക്ഷണ താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. രോഗവ്യാപനം ഉള്ള പ്രദേശങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര വാണിജ്യ സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ നിശ്ചയിക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കരുതല്‍ നടപടികളുമായി ലേബര്‍ വകുപ്പ്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കരുതല്‍ നടപടികളുമായി ലേബര്‍ വകുപ്പ്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ ലേബര്‍ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടാകുന്നത് തടയാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ അതിഥി ദേവോ ഭവ എന്ന പേരില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്നും മറുപടി ലഭിക്കും. ഡോക്ടര്‍ കാണുക, ഹോസ്പിറ്റല്‍ സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് കണ്‍ട്രോള്‍ റൂമിലൂടെ ആവശ്യപ്പെടാവുന്നതാണ്. കോ വിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റെ നില്‍ കഴിയുന്നവര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതിനായി 9072303075, 9072303076 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൂട്ടമായി രോഗം വന്നാല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ വിവരമറിയിക്കുകയും ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ അവര്‍ക്ക് ക്വാറന്റെന്‍ ഏര്‍പ്പെടുത്തുയും ചെയ്യും. തൊഴിലാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കോവിഡുമായി ബന്ധപ്പെട്ട പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. വരുംദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ പരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.