കൊവിഡ്: രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍; ആശങ്ക വേണ്ടെന്ന് കോട്ടയം കലക്ടര്‍
സഹയാത്രികനായിരുന്ന മലപ്പുറം സ്വദേശിക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ഈ വിമാനത്തിലെത്തിയ കോട്ടയം ജില്ലയില്‍നിന്നുള്ള 21 പേര്‍ക്കും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
കോട്ടയം: തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം കോട്ടയം ജില്ലയില്‍ നിലവിലില്ലെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു വ്യക്തമാക്കി. ഈ മാസം ഒമ്പതിന് കുവൈത്ത്- കൊച്ചി വിമാനത്തിലെത്തിയ യുവതിക്കും (29) കുഞ്ഞിനുമാണ്(രണ്ട്) രോഗം ബാധിച്ചിട്ടുള്ളത്. സഹയാത്രികനായിരുന്ന മലപ്പുറം സ്വദേശിക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ഈ വിമാനത്തിലെത്തിയ കോട്ടയം ജില്ലയില്‍നിന്നുള്ള 21 പേര്‍ക്കും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇവരില്‍ 10 പേര്‍ വീടുകളിലും ഒമ്പതുപേര്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രത്തിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം സ്ഥിരീകരിച്ച യുവതിയുള്‍പ്പെടെ ആറുപേര്‍ ഗര്‍ഭിണികളാണ്.
യുവതിയെയും കുട്ടിയെയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും ഉഴവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്ന ടാക്‌സി ഡ്രൈവറെ എറണാകുളത്ത് ക്വാറന്റൈനില്‍ പാര്‍പ്പിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍തൃമാതാവും നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ കര്‍ശനജാഗ്രത പുലര്‍ത്തുക മാത്രമാണ് രോഗപ്രതിരോധത്തിനുള്ള മാര്‍ഗം. ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഹോം ക്വാറന്റൈനിലുള്ളവര്‍ കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. വയോജനങ്ങള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.